Home Localപ്രിയദർശിനി ബസിൽ മാല മോഷണശ്രമം; നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത് പതിവ് മോഷണക്കേസിലെ പ്രതിയെ

പ്രിയദർശിനി ബസിൽ മാല മോഷണശ്രമം; നാട്ടുകാർ പിന്തുടർന്ന് പിടികൂടിയത് പതിവ് മോഷണക്കേസിലെ പ്രതിയെ

by news_desk1
0 comments

കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ സ്ത്രീയാത്രക്കാരിയുടെ മാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി പൊലീസിന് കൈമാറി. തിരുനെൽവേലി മുക്കടൽ ആറ്റാൻകര സ്വദേശിനി മഞ്ജുള (35)യാണ് പിടിയിലായത്.

ഇന്നലെ രാവിലെ 9.30ഓടെ പത്തനംതിട്ട–കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരിയായ അടൂർ പറക്കോട് സ്വദേശിനി സുധീനയുടെ മൂന്നര പവൻ മാലയാണ് മഞ്ജുള അപഹരിക്കാൻ ശ്രമിച്ചത്. പന്മന മുഖംമൂടി ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. എന്നാൽ സുധീന മാലയിൽ പിടിച്ചതോടെ മാല പൊട്ടി കൈയിൽ തന്നെ വീണു.

തുടർന്ന് മഞ്ജുളയെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ വളഞ്ഞു. ഇതിനിടെ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടി ചവറ പൊലീസിന് കൈമാറുകയായിരുന്നു.

പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ, ഇതേ പ്രതി മറ്റ് രണ്ട് സ്ത്രീകളുടെ മാലകളും കവർന്നതായി കണ്ടെത്തി. കഴിഞ്ഞ മാസം ഇതേ റൂട്ടിൽ പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെ ശാസ്താംകോട്ട ആഞ്ഞിലിമൂട് സ്വദേശി റോസമ്മയുടെ നാലേകാൽ പവൻ മാലയും ചവറ പുതുക്കാട് സ്വദേശി ലില്ലിക്കുട്ടിയുടെ ഒരു പവൻ മാലയും മഞ്ജുള കവർന്നതായി പൊലീസ് കണ്ടെത്തി.

ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന ലില്ലിക്കുട്ടി നീണ്ടകര ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച മഞ്ജുള, മാലയുമായി കടന്നുകളയുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

സമാന കേസുകളിൽ നേരത്തെയും പ്രതിയായ മഞ്ജുളയ്‌ക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ മറവിൽ മാലമോഷണ ശ്രമങ്ങൾ വർധിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

You may also like