മലപ്പുറം: പ്രമുഖ ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ നിറച്ച് അനധികൃതമായി വിൽപ്പന നടത്തിയിരുന്ന കേന്ദ്രം ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് വിഭാഗം മിന്നൽ പരിശോധനയിൽ അടച്ചുപൂട്ടി. തിരൂർ മാങ്ങാട്ടിരിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചത്.
സ്ഥാപനത്തിന് സമീപത്തെ കുഴൽക്കിണറിൽ നിന്നെടുത്ത വെള്ളം യാതൊരു ശുദ്ധീകരണവും നടത്താതെയാണ് വിവിധ പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകൾ പതിപ്പിച്ച് വിപണിയിലെത്തിച്ചിരുന്നത്. സ്ഥാപനത്തിന് ആവശ്യമായ പ്രവർത്തന ലൈസൻസും ഉണ്ടായിരുന്നില്ല.
മുൻപ് അനുവദിച്ചിരുന്ന വിതരണ ലൈസൻസ് വിവിധ പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കിയിരുന്നു. കൂടാതെ ക്ലോഷർ നോട്ടീസും നൽകിയിരുന്നെങ്കിലും അത് അവഗണിച്ച് സ്ഥാപനം പ്രവർത്തനം തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് വൻതോതിലുള്ള വ്യാജ കുടിവെള്ള നിർമാണം പുറത്തുവന്നത്. വ്യാജ ലേബലുകളോടെ വെള്ളം നിരവധി സ്ഥലങ്ങളിലേക്ക് വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ച് അധികൃതർ അടച്ചുപൂട്ടി.

