കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ സാങ്കേതിക അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം പരിശോധിച്ച് നടപടി സ്വീകരിക്കാൻ 2024-ൽ ഹൈക്കോടതി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നൽകിയ നിർദേശം നടപ്പാക്കാത്തതിനെ തുടർന്നാണ് ഹർജി വീണ്ടും കോടതിയിലെത്തിയത്.
സാങ്കേതികമായി രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിച്ചല്ല വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കീമ) ഭാരവാഹികൾ വ്യക്തമാക്കി. സാധാരണ ലിഫ്റ്റുകളിലുള്ളതുപോലുള്ള അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഇവയിൽ ഇല്ലെന്നും, പിറ്റ് ആഴം, ഓവർഹെഡ് ഉയരം, ലാൻഡിംഗ് തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയോ ആവശ്യമായ അനുമതിയില്ലാതെയാണ് ഇത്തരം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്നും സംഘടന ആരോപിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച് അനധികൃതമായി വിൽപ്പനയും സ്ഥാപിക്കലും നടത്തുന്നതായും, സാങ്കേതിക തകരാറുകൾ മൂലമുള്ള അപകടങ്ങൾ ഉണ്ടായിട്ടും നിയമപരമായ പരിരക്ഷയില്ലാത്തതിനാൽ പല സംഭവങ്ങളും പുറത്തുവരുന്നില്ലെന്നും സംഘടന വ്യക്തമാക്കി. ചെന്നൈ ആസ്ഥാനമായ ഒരു കമ്പനിയാണ് ഇവയുടെ നിർമ്മാണവും വിൽപ്പനയും നടത്തുന്നതെന്നും കൊച്ചിയിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
നിലവിലുള്ള നിയമപ്രകാരം ഒന്നര മീറ്ററിലധികം ഉയരത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്ന എല്ലാ ഉപകരണങ്ങൾക്കും ലൈസൻസും യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും നിർബന്ധമാണ്. എന്നാൽ ആവശ്യമായ അനുമതികളില്ലാത്തതിനാൽ വാക്വം ലിഫ്റ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും സാധാരണയായി ലഭിക്കുന്നില്ല. അതിനാൽ ഇത്തരം ലിഫ്റ്റുകളിൽ അപകടമുണ്ടായാൽ യാത്രക്കാർക്ക് നിയമപരമായ സംരക്ഷണം ലഭിക്കില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
