സന: അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കിഴക്കൻ യമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ സർക്കാർ സേനയിലെ 30ലേറെ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകളെയാണ് ആക്രമിച്ചത്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ആക്രമണത്തെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സൗദി അറേബ്യയുടെ വൻ സൈനിക വിന്യാസങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ സൈനിക വക്താവ് അവകാശപ്പെട്ടത്. മാരിബ്, ഹദ്രമൗത്ത് ഗവർണറേറ്റുകളിലെ എമർജൻസി ഫോഴ്‌സിന്റെ നിരവധി ക്യാമ്പുകൾ ആക്രമിച്ചതായി ഹൂതി വിഭാഗവും സ്ഥിരീകരിച്ചു.
ഹൂതി സൈനിക വക്താവ് യഹ്യാ സരീ പുറത്തുവിട്ട പ്രസ്താവനയിൽ റുവൈക്, അൽ-അബ്ര്, അൽ-ഥാനിയ മേഖലകളിലെയും മറ്റ് എമർജൻസി ഫോഴ്‌സ് ക്യാമ്പുകളിലെയും ലക്ഷ്യങ്ങൾക്കെതിരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. നിരവധി സൈനിക ക്യാമ്പുകളും ആയുധ-വെടിക്കോപ്പു ശേഖരങ്ങളും സൈനിക വാഹനങ്ങളും തകർത്തതായും ഹൂതികൾ അവകാശപ്പെടുന്നു.
ആക്രമണത്തിൽ ആളപായവും വസ്തുനാശവും ഉണ്ടായതായി എമർജൻസി ഫോഴ്‌സും അറിയിച്ചിട്ടുണ്ടെങ്കിലും ഹൂതികളുടെ അവകാശവാദങ്ങളോട് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അതേസമയം, ആക്രമണത്തിൽ ഡസൻ കണക്കിന് സൈനികർ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ, എമർജൻസി ഫോഴ്‌സ് ക്യാമ്പുകൾ ഒഴിയാൻ ഹൂതി വിഭാഗം മുന്നറിയിപ്പ് നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലുള്ളവർ വൈകാതെ അവിടെനിന്ന് ഒഴിഞ്ഞ് സ്വന്തം വീടുകളിലേക്ക് മടങ്ങണമെന്ന് യഹ്യാ സരീ അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ തങ്ങളുടെ സായുധ സേന പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാരിബിലെ അൽ-ഥാനിയ മേഖലയിലെ ക്യാമ്പിനെതിരെ ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നതായും റിപ്പോർട്ടുകളുണ്ട്.
