ദില്ലി: നീറ്റ്-യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയവിദഗ്ധർ ഉൾപ്പെടെ 13 പേർക്കെതിരെ സിബിഐ ദില്ലിയിലെ റൗസ് അവന്യൂ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ തയ്യാറാക്കലിലും വിവർത്തനത്തിലും പങ്കെടുത്ത വിഷയവിദഗ്ധർ പണത്തിനായി ചോദ്യങ്ങൾ ചോർത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഗുരുതര കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന പ്രതികൾക്ക് തടവും വൻതുക പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കരാർ അടിസ്ഥാനത്തിൽ എൻടിഎ നിയമിച്ച മൂന്ന് അധ്യാപകരാണ് ചോദ്യച്ചോർച്ചയിൽ പ്രധാന പങ്കുവഹിച്ചതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ബോട്ടണി/സുവോളജി വിഷയവിദഗ്ധയായ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധൻ പ്രഹ്ലാദ് വിഠൽറാവു കുൽക്കർണി, ഫിസിക്സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ചോദ്യപേപ്പറുകളുടെ വിവർത്തനവും പ്രൂഫ് റീഡിംഗും നടക്കുന്ന ഘട്ടത്തിലാണ് ചോദ്യങ്ങൾ ചോർത്തിയതെന്നാണ് കണ്ടെത്തൽ. പുണെയിലെ വസതികളിലും ലാതൂരിലെ സിദ്ധിവുനായക് ആശുപത്രി കേന്ദ്രീകരിച്ചും വിദ്യാർഥികൾക്കായി രഹസ്യ സെഷനുകൾ സംഘടിപ്പിച്ച് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറാൻ അവസരമൊരുക്കിയെന്നും സിബിഐ പറയുന്നു.
തുടർന്ന് ടെലിഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ഇടനിലക്കാരിലൂടെയും മഹാരാഷ്ട്രയിൽ നിന്ന് രാജസ്ഥാൻ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ കോച്ചിംഗ് സെന്ററുകളിലേക്കും പരീക്ഷാർത്ഥികളിലേക്കും ചോദ്യങ്ങൾ എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനൽ വിശ്വാസവഞ്ചന (വകുപ്പ് 316(5)), തെളിവ് നശിപ്പിക്കൽ (വകുപ്പ് 238), അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവോ 10 വർഷം വരെ തടവോ, കൂടാതെ 10 കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
കേസുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
