തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ല. ഓണക്കാലത്തെ പെൻഷൻ നിലവിലെ രീതിയിൽ തന്നെ നൽകും. ബാങ്ക് വഴിയുള്ള വിതരണത്തിന് തത്വത്തിൽ അംഗീകാരം നൽകിയുള്ള നിർദേശം മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയതെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.
സാമൂഹ്യക്ഷേമ പെൻഷൻ ഇനി വീടുകളിൽ നേരിട്ട് എത്തിക്കില്ലെന്ന സർക്കാർ ഉത്തരവ് നേരത്തെ വിവാദമായിരുന്നു. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലെ പൊരുത്തക്കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ രീതി പരിഗണിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം.
അർഹതയില്ലാത്തവരെയും ഒന്നിലധികം പെൻഷൻ വാങ്ങുന്നവരെയും ഒഴിവാക്കുന്നതിനും ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പാക്കുന്നതിനുമാണ് നടപടി. ബാങ്ക് വഴി വിതരണം ചെയ്യുന്നതിലൂടെ കേന്ദ്രസർക്കാരിൽനിന്നുള്ള സാമ്പത്തിക സഹായം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും ലക്ഷ്യമിടുന്നതായി സർക്കാർ വ്യക്തമാക്കി.
സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ചെലവ് കൂടുതലായതിനാൽ വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം പെൻഷൻ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പൂർണമായും കിടപ്പിലായ രോഗികൾക്കും ഒഴിവാക്കാനാകാത്ത മറ്റ് ഗുണഭോക്താക്കൾക്കും പെൻഷൻ വീട്ടിലെത്തിച്ച് നൽകും.
പെൻഷൻ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക സമയബന്ധിതമായി സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ വീഴ്ച, ഇതുമൂലമുള്ള റീകൺസിലിയേഷൻ ബുദ്ധിമുട്ടുകൾ, അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ ലഭിക്കുന്ന സാഹചര്യം, വീടുകളിൽ പെൻഷൻ എത്തിക്കുന്നതിന് സഹകരണ സംഘങ്ങൾക്ക് നൽകുന്ന ഇൻസെന്റീവ് എന്നിവയും സർക്കാർ പരിഗണിച്ചു.
വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതി തുടരുന്നതിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട കേന്ദ്ര നിർദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം സംസ്ഥാനത്തിന് നഷ്ടപ്പെടാനുള്ള സാധ്യതയും തീരുമാനത്തിന് കാരണമായി.
കിടപ്പുരോഗികളും ഒഴിവാക്കാനാകാത്ത ഗുണഭോക്താക്കളും ഒഴികെയുള്ളവർക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴി പെൻഷൻ നൽകണമെന്ന കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ നിർദേശവും സർക്കാർ പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കളെ ഒഴികെ എല്ലാ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴി പെൻഷൻ അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയത്.
