മലപ്പുറം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി.എം. ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ലോക കേരള സഭയെ നേരത്തെ എതിർത്തവരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണമായും തഴഞ്ഞെന്നും എൽഡിഎഫ് കാലത്തെ പ്രവാസി പദ്ധതികൾ വെട്ടിക്കുറച്ചത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം സർക്കുലർ പിൻവലിക്കണം
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെയും പിണറായി വിജയൻ വിമർശിച്ചു. രാജ്യത്ത് വന്ദേമാതരം ആലപിക്കുന്നതിന് കൃത്യമായ ചിട്ടയുണ്ടെന്നും മതനിരപേക്ഷതയ്ക്ക് നിരക്കാത്ത രീതിയിൽ പൂർണമായി ആലപിക്കുന്നത് ആർഎസ്എസ് ആണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഏഴ് വരികൾ മാത്രമാണ് ആലപിക്കേണ്ടതെന്നും അതിൽ കൂടുതൽ ചൊല്ലണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കുലറിലൂടെ യുഡിഎഫ് സർക്കാർ ആർഎസ്എസ് നിലപാടുകൾക്ക് മുന്നിൽ കീഴടങ്ങിയെന്ന് പിണറായി ആരോപിച്ചു. മുഖ്യമന്ത്രിയുടെ പാർട്ടി പോലും അംഗീകരിക്കാത്ത വിഷയത്തിൽ ദുരഭിമാനം വെടിഞ്ഞ് സർക്കാർ ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതി വിഷയത്തിലും മുസ്ലിം ലീഗിന്റെയും യുഡിഎഫ് സർക്കാരിന്റെയും ആർഎസ്എസ് പ്രീണനം വ്യക്തമാകുന്നതായി പിണറായി വിമർശിച്ചു. അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുമെന്ന നിലപാട് ഇതിന്റെ ഭാഗമാണെന്നും ആർഎസ്എസ് അജണ്ടയ്ക്ക് മുന്നിൽ മുസ്ലിം ലീഗ് കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറാത്തത് ചില ഉപകാരസ്മരണകൾ ഉള്ളതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. മുപ്പതിലധികം മണ്ഡലങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിലുണ്ടാക്കിയ നീക്കുപോക്കിന്റെ തുടർച്ചയാണിതെന്നും ഇത്തരം ഒത്തുതീർപ്പ് രാഷ്ട്രീയം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
