കാസർകോട്: കളക്ടറേറ്റ് സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ് ആശാലത (42) വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം.
ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് കാരണമെന്നും ആശാലതയുടെ മരണമൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽ ജോലി ചെയ്തിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.
ആശാലതയുടെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ കമ്മീഷണറുമായും ജില്ലാ കളക്ടറുമായും സംസാരിച്ചതായും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ആശാലത മരിച്ചത്. ആശുപത്രിയിൽ പൊലീസിന് നൽകിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാൽ ആർക്കെതിരെയും പരാതിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സെക്ഷൻ മാറ്റിയത് നിലവിലെ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പാണെന്നും നേരത്തെ ജോലി ചെയ്തിരുന്ന എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിൽനിന്ന് എൻഡോസൾഫാൻ സെക്ഷനിലേക്കാണ് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിഭാരം കുറഞ്ഞ സെക്ഷനാണിതെന്നും കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാതെ എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു.
