കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പരാതി. കണ്ടന്റ് ക്രിയേറ്റർ വേദ് ലക്ഷ്മിയും ഫാഷൻ ഡിസൈനർ അഭിൽദേവും ആണ് പരാതി നൽകിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഹണി ട്രാപ്പിൽ കുടുക്കുമെന്നും ബിജെപി ബന്ധം ചൂണ്ടിക്കാട്ടി ഇല്ലാതാക്കി കളയുമെന്നും ഭീഷണിപ്പെടുത്തിയതായി വേദ് ലക്ഷ്മി ആരോപിച്ചു. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭിൽദേവിന്റെ ആരോപണം.
ചെറിയ തുകകൾ വാങ്ങി പിന്നീട് തിരികെ നൽകി വിശ്വാസം നേടിയ ശേഷമാണ് റോബിൻ പല ഘട്ടങ്ങളിലായി വലിയ തുകകൾ വാങ്ങിയതെന്നാണ് ഇരുവരുടെയും ആരോപണം. സൗഹൃദത്തിന്റെ പേരിലാണ് പണം നൽകിയതെന്നും തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറഞ്ഞതായും ഇവർ ആരോപിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും മൊഴി നൽകാൻ റോബിൻ ഹാജരായില്ലെന്നും ഇവർ പറയുന്നു.
വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഇടപെട്ടിട്ടുണ്ട്. പണം തിരികെ നൽകാൻ റോബിന് സമയം അനുവദിക്കണമെന്നാണ് എസ്. സുരേഷ് ആവശ്യപ്പെട്ടത്. റോബിൻ പണം വാങ്ങിയെന്നും തിരികെ നൽകാമെന്ന് സമ്മതിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു.
അതേസമയം, ബിജെപിയിൽ റോബിൻ രാധാകൃഷ്ണൻ എത്തിയത് സാമ്പത്തിക ലക്ഷ്യം മുൻനിർത്തിയാണെന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശം വേദ് ലക്ഷ്മി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. പാർട്ടി ആശയങ്ങളെക്കുറിച്ച് അറിവില്ലെന്നും സ്ഥാനാർഥിയായാൽ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുമെന്നുമുള്ള തരത്തിലുള്ള സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളതെന്നാണ് വേദയുടെ വാദം.
റോബിന്റെ പരാതിയും പൊലീസ് സമൻസും
തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റോബിൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി വേദ ലക്ഷ്മിക്കെതിരെ പരാതി നൽകിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ നേരിട്ടെത്താൻ റോബിൻ വേദയെ വെല്ലുവിളിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ വേദയോട് ഹാജരാകാൻ പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.
എന്നാൽ റോബിന്റെ പരാതിക്കും വെല്ലുവിളിക്കും മറുപടിയായി വേദ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോ പങ്കുവെച്ചു. ജോലിയുള്ളതിനാൽ വിളിച്ചയുടൻ സ്റ്റേഷനിൽ എത്താൻ സാധിക്കില്ലെന്നും സൗകര്യമുള്ള സമയത്ത് പൊലീസിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും വേദ വ്യക്തമാക്കി.
ഇത് ചെറിയൊരു തുടക്കം മാത്രമാണെന്നും ഇനി വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാൻ റോബിൻ തയ്യാറായിരിക്കണമെന്നും വേദ മുന്നറിയിപ്പ് നൽകി. ആളുകളിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയ ശേഷം മാത്രമേ റോബിൻ സംസാരിക്കാവൂ എന്നും ഈ വിഷയത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും അവർ പ്രതികരിച്ചു.
വേദയുടെ ആരോപണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമമായി നിയമപരമായ വസ്തുതകൾ അന്വേഷണത്തിലൂടെയും നടപടികളിലൂടെയും മാത്രമേ വ്യക്തമാകൂ.
