കണ്ണൂർ: ‘കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതി 17കാരനായ ശിവസൂര്യ നാടുവിട്ട സംഭവത്തിൽ നിർണായക സൂചന ലഭിച്ചതായി വിവരം. സോഷ്യൽ മീഡിയയിൽ വന്ന വാർത്തയ്ക്ക് താഴെ ലഭിച്ച കമന്റിലൂടെയാണ് ശിവസൂര്യയെക്കുറിച്ച് പുതിയ വിവരം ലഭിച്ചത്.
പാലക്കാട് സ്വദേശിയാണ് ശിവസൂര്യയെപ്പോലൊരാളെ കണ്ടതായി വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. ബസിൽ ഒറ്റപ്പാലത്ത് ഇറങ്ങുന്നത് കണ്ടതായും ഇയാൾ ബന്ധുക്കളെ അറിയിച്ചതായാണ് വിവരം. ഇതിന് പിന്നാലെ ശിവസൂര്യയെ തേടി ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത് എത്തിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വാർത്തയ്ക്ക് താഴെയായിരുന്നു കമന്റ് വന്നത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഒറ്റപ്പാലത്തേക്ക് വ്യാപിപ്പിച്ചത്.
മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചതിനെ തുടർന്നാണ് ശിവസൂര്യ നാടുവിട്ടതെന്നാണ് വിവരം. ‘കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് 17കാരൻ വീട്ടിൽനിന്ന് പോയത്. ശിവസൂര്യയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.
