പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ വാലായാണ് ഗണേഷ് പ്രവർത്തിക്കുന്നതെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സുകുമാരൻ നായർ ആരോപിച്ചു. എൻഎസ്എസിന്റെ ‘സമദൂരം’ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയിൽ കേസ് നൽകട്ടെയെന്ന് സുകുമാരൻ നായർ പറഞ്ഞു. സ്വന്തം അച്ഛനെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചയാളാണ് ഗണേഷ് കുമാറെന്നും അതിനാൽ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടരുടെ വാലായാണ് ഇപ്പോൾ ഗണേഷ് പ്രവർത്തിക്കുന്നതെന്നും ഇവരെയെല്ലാം സംഘടിപ്പിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്താമെന്ന് കരുതിയാൽ അത് നടക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. അത്തരമൊരു നീക്കത്തിന് വഴങ്ങുന്ന തരത്തിലുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ഈശ്വരതുല്യം ആരാധിക്കുന്ന, ക്ഷേത്രതുല്യമായ സമാധിസ്ഥലത്ത് പട്ടിയെ കയറ്റാൻ കഴിയില്ലെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
കുടുംബാംഗങ്ങൾക്ക് ജോലി നൽകിയെന്ന ആരോപണം
കുടുംബത്തിലുള്ളവർക്ക് ജോലി നൽകിയെന്ന ആരോപണത്തോടും സുകുമാരൻ നായർ പ്രതികരിച്ചു. കേരളം മുഴുവൻ തന്റെ കുടുംബമാണെന്നും അവിടെയുള്ള കീഴ്വഴക്കങ്ങൾ അനുസരിച്ച് മാത്രമാണ് നിയമനങ്ങൾ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആർക്കും അനധികൃതമായി ജോലി നൽകിയിട്ടില്ലെന്നും ആരോപണമുള്ളവർക്ക് ഇക്കാര്യം അന്വേഷിക്കാമെന്നും വ്യക്തമാക്കി.
യൂണിയനുകൾ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായാൽ രാത്രി ആയാലും അത് ചെയ്യുമെന്നും സുകുമാരൻ നായർ പറഞ്ഞു. ഗണേഷ് പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് കുമാറിന് ഇപ്പോൾ ഇത്തരം തോന്ന്യാസങ്ങൾ ഉണ്ടായതെന്നും ഇത്രയും വർഷമായി ഇല്ലാത്ത ആരോപണങ്ങൾ പെട്ടെന്ന് ഉയർന്നുവരുന്നതിന് പിന്നിൽ മറ്റ് താൽപര്യങ്ങളാണെന്നും സുകുമാരൻ നായർ പരിഹസിച്ചു. ഗണേഷിന് ഇപ്പോൾ എന്ത് സ്ഥാനവും മാനവുമാണ് ഉള്ളതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസിന്റെ ‘സമദൂരം’ എന്നത് ശരിയായ നിലപാടാണെന്നും അത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. തുടർന്നും അതേ നിലപാടിൽ തന്നെ ഉറച്ചുനിൽക്കും. താൻ ഗണേഷിന് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും ഗണേഷ് തനിക്ക് ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
