മലപ്പുറം: നഴ്‌സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതിന് പിന്നാലെ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ താനൂർ പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ കണ്ടെത്തി. ഓഗസ്റ്റ് 6-ന് വൈകിട്ട് ബെംഗളൂരുവിലേക്ക് തിരിച്ച്, ഓഗസ്റ്റ് 7-ന് രാവിലെ അവിടെയെത്തി വീട്ടിലേക്ക് വിളിച്ച ശേഷമാണ് ഇംതിയാസിനെക്കുറിച്ച് വിവരമൊന്നുമില്ലാതായത്. തുടർന്ന് യുവാവിന്റെ ഫോൺ ഓഫാകുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വീട്ടുകാർ താനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ കർണാടകയിലാണെന്ന് കണ്ടെത്തിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാൽ ഇതിനിടെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് ഇംതിയാസിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി വഴി ഭക്ഷണം ബുക്ക് ചെയ്തതാണ് കേസിൽ നിർണായക വഴിത്തിരിവായത്. നാഗ്പൂരിലെ ഒരു അപ്പാർട്ട്മെന്റിൽ യുവാവ് ഉണ്ടെന്ന വിവരത്തെ തുടർന്ന് താനൂർ പോലീസ് സംഘം നേരിട്ട് മഹാരാഷ്ട്രയിലെത്തുകയും പ്രാദേശിക പോലീസിന്റെ സഹായത്തോടെ ഇംതിയാസിനെ കണ്ടെത്തുകയുമായിരുന്നു.
പോലീസ് സംഘം യുവാവുമായി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിലേക്ക് പോയതിന്റെ കൃത്യമായ ലക്ഷ്യം, ഫോൺ ഓഫ് ചെയ്യാൻ ഇടയായ സാഹചര്യം, നാഗ്പൂരിൽ എങ്ങനെയെത്തി, കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നീ കാര്യങ്ങളിൽ പോലീസ് വിശദമായി ചോദ്യം ചെയ്ത് വിവരങ്ങൾ ചോദിച്ചറിയും. താനൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ആയതിനാൽ ഇംതിയാസിനെ കോടതിയിൽ ഹാജരാക്കി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം അയക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
