മലപ്പുറം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്നും കമ്മീഷന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ തെളിഞ്ഞാൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നേതാക്കൾ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്നും, എന്നാൽ ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം ഇതിൽനിന്ന് വ്യത്യസ്തമാണെന്നും പ്രിയങ്ക പറഞ്ഞു. ഭരണകൂടത്തിന്റെ നയങ്ങളിൽ ആരും സംതൃപ്തരല്ലെന്നും തെരുവിലിറങ്ങി ജനങ്ങളുമായി സംസാരിച്ചാൽ രാജ്യത്തെ യഥാർഥ അവസ്ഥ മനസിലാക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞുവെന്നും നിലവിലെ വിഷയത്തിൽ ഇൻഡ്യ മുന്നണിയിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക വ്യക്തമാക്കി. ജനാധിപത്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള നടപടികൾ രാജ്യത്തിനും ജനാധിപത്യ സംവിധാനത്തിനും ഭീഷണിയാണെന്നാണ് പ്രിയങ്കയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിയുടെ വൻ സഹായം ലഭിക്കുന്നുണ്ടെന്നും ആരോപണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്ക് നിലവിലുള്ള നിയമപരമായ സംരക്ഷണം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
വോട്ടർ പട്ടികയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ ഗ്യാനേഷ് കുമാറിന്റെ ചില തീരുമാനങ്ങളോടും നടപടികളോടും എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
