ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ മൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ ഇവർ വേട്ടക്കാരാണെന്ന വാദം നാട്ടുകാർ നിഷേധിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ ഫോറസ്റ്റ് ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു.
പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പിന്റെ വിശദീകരണവും നാട്ടുകാരുടെ ആരോപണവും നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം തുടരുകയാണ്.
