ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിനിടെ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായതായി മലയാളി വിദ്യാർഥികൾ. മാരകായുധങ്ങളുമായി എത്തിയ സംഘങ്ങൾ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് വിദ്യാർഥികളുടെ ആരോപണം. സർവകലാശാല അടച്ചതിനെ തുടർന്ന് ഡൽഹിയിലെ കേരള ഹൗസിലെത്തിയ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് പുറത്തുനിന്നുള്ള സംഘങ്ങളുടെ ഇടപെടലുണ്ടായതെന്നാണ് വിദ്യാർഥികൾ പറയുന്നത്. നിലവിൽ പൊലീസും കേന്ദ്രസേനയും സർവകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ഥിതിഗതികൾ ശാന്തമാണെന്നും അവർ വ്യക്തമാക്കി.
മാരകായുധങ്ങളുമായാണ് പുറത്തുനിന്നുള്ളവർ സർവകലാശാലയിലെത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ വരെ തട്ടിയെടുത്തതായും അക്രമത്തിനിടെ സർവകലാശാലയിൽ മോഷണം നടത്തിയതായും വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, ഹോസ്റ്റലിൽ വിദ്യാർഥിനി പീഡനത്തിനിരയായ സംഭവം വ്യാജപ്രചാരണമല്ലെന്നും വയനാട് സ്വദേശികളായ മലയാളി വിദ്യാർഥികൾ അവകാശപ്പെട്ടു. ഹോസ്റ്റലിൽ പലതവണ വിദ്യാർഥികൾ ജീവനൊടുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
എന്ത് സംഭവം ഉണ്ടായാലും സർവകലാശാല അധികൃതർ അത് ഒതുക്കിത്തീർക്കുന്നതാണ് പതിവെന്നും വിദ്യാർഥികൾ ആരോപിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണെന്നും അവർ വ്യക്തമാക്കി.
