കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്.ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. തുടർന്ന് ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ ശിവസൂര്യയെക്കുറിച്ച് 10-ാം ദിവസവും വിവരമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ട 17കാരനെ സമീപത്തെ പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 12.45ന് ശേഷമാണ് ശിവസൂര്യ അതിവേഗത്തിൽ പോകുന്നത് കണ്ടതെന്ന് സമീപവാസികൾ പറഞ്ഞു. സ്കൂൾ ബാഗും കൈവശമുണ്ടായിരുന്നെങ്കിലും സംശയിക്കത്തക്ക സാഹചര്യമൊന്നും തോന്നിയില്ലെന്നും അവർ വ്യക്തമാക്കി.
എന്നാൽ പൂമരം ജംഗ്ഷനിലെ ഒരു സിസിടിവി ക്യാമറയിലും ശിവസൂര്യയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.
കാശിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ശിവസൂര്യ വീടുവിട്ടത്. കുട്ടി ഒരുപക്ഷേ മൈസൂരുവിലേക്ക് പോയിരിക്കാമെന്ന സംശയം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൈസൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തെരച്ചിൽ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയത്. തലശ്ശേരി എ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.
