തിരുവനന്തപുരം: എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോട് സർക്കാർ അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വിവരാവകാശ രേഖകൾ. അദാനി ഗ്രൂപ്പിന് ഇക്കാര്യത്തിൽ സർക്കാർ രേഖാമൂലം യാതൊരു നോട്ടീസും നൽകിയിട്ടില്ലെന്നാണ് തുറമുഖ വകുപ്പിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.
കരാർ ലംഘനം ചൂണ്ടിക്കാട്ടി വിശദീകരണ കത്തോ കാരണം കാണിക്കൽ നോട്ടീസോ അദാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ടോയെന്ന ചോദ്യത്തിനാണ് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെയോ തുറമുഖ വകുപ്പിന്റെയോ മുൻകൂർ അനുമതി തേടി അദാനി ഗ്രൂപ്പ് കത്തോ അപേക്ഷയോ നൽകിയിട്ടുണ്ടോയെന്നും വിവരാവകാശ അപേക്ഷയിൽ ചോദിച്ചിരുന്നു. എന്നാൽ, ഓഹരി കൈമാറ്റ പ്രഖ്യാപനത്തിന് മുമ്പ് സർക്കാരിന്റെയോ തുറമുഖ വകുപ്പിന്റെയോ മുൻകൂർ അനുമതി തേടി അദാനി ഗ്രൂപ്പ് യാതൊരു അപേക്ഷയും സമർപ്പിച്ചിട്ടില്ലെന്നാണ് മറുപടി.
അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരികൾ കൈമാറാൻ അദാനി ഗ്രൂപ്പിന് നിയമപരമായി അവകാശമുണ്ടോയെന്നും കരാറിലെ ഏത് വ്യവസ്ഥ പ്രകാരമാണ് മുൻകൂർ അനുമതി നിർബന്ധമാക്കിയിട്ടുള്ളതെന്നും ചോദിച്ചിരുന്നു. കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരികൾ കൈമാറുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ് എന്നാണ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.
തുറമുഖ വകുപ്പ് അണ്ടർ സെക്രട്ടറി ബിജി ജോസഫ് വിവരാവകാശ അപേക്ഷകനുമായി നേരിട്ട് ഫോണിലും ബന്ധപ്പെട്ടു. പണം അടച്ചാൽ രേഖകൾ നൽകാമെന്ന് അറിയിച്ചതിന് പിന്നാലെ വിവരാവകാശ രേഖകൾ നൽകുന്നതിന് അസൗകര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്നും അപേക്ഷകന്റെ ഭാഗത്തുനിന്ന് ആരോപണമുണ്ട്.
വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന്റെ എംഎസ്‌സി ഓഹരി കൈമാറ്റ നീക്കത്തെക്കുറിച്ച് സർക്കാർ അറിഞ്ഞിരുന്നില്ലെന്നും മുൻകൂർ അനുമതിയില്ലാതെയുള്ള നടപടിയിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചിരുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നേരത്തെയുള്ള വിശദീകരണം. എന്നാൽ സർക്കാർ രേഖാമൂലം നോട്ടീസ് നൽകിയിട്ടില്ലെന്നാണ് വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.
