കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ്.എച്ച്.ഒ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ അർജുൻ ആയങ്കിക്കെതിരെ നിലവിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസുകളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ജില്ലാ കളക്ടറാണ് എടുക്കേണ്ടത്. കളക്ടറുടെ തീരുമാനം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിവ്യൂ കമ്മിറ്റി അംഗീകരിക്കേണ്ടതുമുണ്ട്.
കാപ്പ ചുമത്തുന്നതിനുള്ള തുടർനടപടികളുടെ ഭാഗമായാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട് സമർപ്പിച്ചത്.
