തൃശൂർ: ഇരുന്നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള തൃശൂരിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട നടൻ വി.കെ. ശ്രീരാമനെതിരെ അതിശക്തമായ പ്രതിഷേധവുമായി സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി. തൃശൂരിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ പുലിക്കളിയെ ‘വൈകൃതം’ എന്നും ‘ആഭാസം’ എന്നും വിശേഷിപ്പിച്ച് വി.കെ. ശ്രീരാമൻ നടത്തിയത് തൃശൂർക്കാരുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്ന പ്രസ്താവനയാണെന്ന് സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി കെ കേശവദാസ് പ്രതികരിച്ചു.
പുലിക്കളി എന്നത് വെറുമൊരു റോഡ് ഷോയോ തമാശയോ അല്ലെന്നും കലകളുടെ സമഞ്ജസമാണെന്നും കേശവദാസ് വ്യക്തമാക്കി. “ഇതിന് കൃത്യമായ താളമുണ്ട്, ചുവടുണ്ട്, വേഷമുണ്ട്. തലമുറകളായി പകർന്നുപോരുന്ന ‘പുലി കൊട്ട്’ കേട്ടാൽ തൃശൂർക്കാരന്റെ സിരകളിൽ ചോര തിളയ്ക്കും. പ്രധാന കലയായ മെയ്യെഴുത്തിലൂടെ ലോക ഭൂപടത്തിൽ സ്ഥാനം നേടിയ പുലിക്കളിയിൽയിൽ നൂറ് കണക്കിന് കലാകാരന്മാർ ശരീരം മുഴുവൻ മണിക്കൂറുകളോളം വിഷമയമായ ചായങ്ങൾ പൂശി, കനത്ത മണികളും കെട്ടി, പുലിക്കൊട്ടിന്റെ അകമ്പടിയോടെ മണിക്കൂറുകളോളം തെരുവിൽ ഉറഞ്ഞുതുള്ളുന്നത് വലിയൊരു തപസ്യയാണ്. ആത്മസമർപ്പണത്തോടെ കലയെ ഉപാസിക്കുന്ന നൂറുകണക്കിന് കലാകാരന്മാരുടെ വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും വിലയാണ് പുലിക്കളി. അതിനെയാണ് ഒരു മുതിർന്ന നടൻ അപഹസിച്ചിരിക്കുന്നത്.”
ശരീരഭാരവും കുടവയറുമുള്ള മനുഷ്യരെ ‘തടിയൻ’ എന്നും മറ്റും വിളിച്ച് പരിഹസിച്ച് ബോഡി ഷെയ്മിംഗ് നടത്തുന്നത് ഭാരതീയ നിയമ വ്യവസ്ഥയിലെ ക്രിമിനൽ കുറ്റമാണ്. ശരീരഘടനയുടെ പേരിൽ മാറ്റിനിർത്തപ്പെടുന്നവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്ന്, അവരുടെ ശരീരചലനങ്ങളെ ലോകം മുഴുവൻ കൈയടിക്കുന്ന കലാരൂപമാക്കി മാറ്റിയതാണ് പുലിക്കളിയുടെ മഹത്വം. ബോഡി ഷെയ്മിങ് നടത്തി സ്വയം പരിഹാസ്യനാകുകയാണ് ശ്രീരാമൻ ചെയ്തതെന്നും കേശവദാസ് ചൂണ്ടിക്കാട്ടി.
പൂരവും പുലിക്കളിയും നാടിന്റെ അടയാളങ്ങളും കേരളത്തിന്റെ അന്തസ്സുമാണ്. കലയെയും കലാകാരന്മാരെയും ബഹുമാനിക്കാൻ അറിയാത്തവർ സംസ്കാരത്തെക്കുറിച്ച് സംസാരിക്കാൻ യോഗ്യരല്ല. പുലിക്കളിക്കാരെയും തൃശൂരിലെ കലാസ്വാദകരെയും അപമാനിച്ച വി.കെ. ശ്രീരാമൻ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധങ്ങളും നിയമ നടപടികളും നേരിടേണ്ടി വരുമെന്നും കേശവദാസ് മുന്നറിയിപ്പ് നൽകി.
