തിരുവനന്തപുരം: ട്രോളിങ് നിരോധനവും വറുതിയും മൂലം ദുരിതത്തിലായ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസ വാർത്ത. പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ആനുകൂല്യ തുക ഓണത്തിന് മുൻപായി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യോഗ്യരായ ഗുണഭോക്താക്കളുടെ പട്ടിക അടിയന്തരമായി സമർപ്പിക്കാൻ മത്സ്യ ഭവന്നുകൾക്ക് ഫിഷറീസ് മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന വിഹിതം തക്കസമയത്ത് തൊഴിലാളികൾക്ക് ലഭിക്കാത്തതിനെ തുടർന്ന് വാർത്തകൾ പുറത്തുവന്നതോടെയാണ് ഫിഷറീസ് വകുപ്പ് അടിയന്തരമായി വിഷയത്തിൽ ഇടപെട്ടത്. മത്സ്യബന്ധനം സാധ്യമല്ലാത്ത മെയ് മുതൽ ജൂലൈ വരെയുള്ള പഞ്ഞമാസങ്ങളിൽ തൊഴിലാളികൾക്ക് താങ്ങാവാനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനുമായി മൂന്ന് ഗഡുക്കളായി ആകെ 6000 രൂപയാണ് നൽകേണ്ടത്.
മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, പീലിങ് തൊഴിലാളികൾ എന്നിവരുൾപ്പെടെ വലിയൊരു വിഭാഗത്തിനാണ് ഈ ആനുകൂല്യം ലഭിക്കേണ്ടത്. മുൻപ് ട്രോളിങ് നിരോധനം അവസാനിക്കുന്ന ഘട്ടത്തിലും സ സൗജന്യ റേഷനുള്ള ഗുണഭോക്തൃ പട്ടിക നൽകുന്നതിൽ ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്തവണ അത്തരം വീഴ്ചകൾ ഒഴിവാക്കി ഓണത്തിന് മുൻപ് തന്നെ സഹായധനം അർഹരിലേക്ക് എത്തിക്കാനാണ് സർക്കാരിന്റെ നീക്കം.
