തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി.യുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമാക്കി. പരിശോധനയ്ക്കിടെ കണ്ടെത്തിയ ഡയറിയിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി അടുത്ത ആഴ്ച നോട്ടീസ് നൽകിയേക്കുമെന്നാണ് സൂചന.
ലേക്കർ ഇന്ത്യ, സൊളാസ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ഇഡി പരിശോധന തുടരുകയാണ്. വീണ ഉപയോഗിച്ച സിം കാർഡുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നു.
മാസപ്പടി കേസിൽ വീണയെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കൈയെഴുത്ത് രേഖകളിൽ നിന്നാണ് നിർണായക സാമ്പത്തിക വിവരങ്ങൾ ലഭിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഏകദേശം 20 കോടി രൂപയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖകളിൽ നിന്ന് ലഭിച്ചതായാണ് വിവരം. പണം എവിടേക്കാണ് കൈമാറിയത്, എങ്ങനെയാണ് പണം ലഭിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
ഇതിനുപുറമെ, ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിർഹം) കൈമാറിയതായി കൈയെഴുത്ത് രേഖകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് മറ്റേതെങ്കിലും പണമിടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്.
പരിശോധനയിൽ കണ്ടെത്തിയ സിം കാർഡിന്റെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. സിം കാർഡ് എന്തെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനാണ് ഇഡിയുടെ ശ്രമം.
സിം കാർഡ് വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറുമായ നന്ദുലാലിന്റെ പേരിലാണ് എടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളുടെ പേരിൽ എടുത്ത ഈ സിം കാർഡ് ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയത്തിനായി ഉപയോഗിച്ചിരിക്കാമെന്നാണ് ഇഡിയുടെ സംശയം.
വീണ ടി.യുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ വിവരങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി തുടർ ചോദ്യം ചെയ്യലിനുള്ള നടപടികളാണ് ഇഡി ആലോചിക്കുന്നത്.
