Home Nationalപെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയുമായി ഡി.സി.പി ഓഫീസിൽ രാഹുൽ ഗാന്ധി; മിന്നൽ സമരത്തിൽ കുലുങ്ങി ഡൽഹി

പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയുമായി ഡി.സി.പി ഓഫീസിൽ രാഹുൽ ഗാന്ധി; മിന്നൽ സമരത്തിൽ കുലുങ്ങി ഡൽഹി

by news_desk
0 comments

ന്യൂഡൽഹി: സി.ജെ.പിയുടെ വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി തേടി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയത് മിന്നൽ പ്രതിഷേധം. ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിൽ എന്ന വിദ്യാർത്ഥിക്കൊപ്പം പാർലമെന്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ (ഡി.സി.പി) ഓഫീസിലെത്തിയാണ് രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

വിദ്യാർത്ഥിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാകാതിരുന്നതാണ് പ്രതിപക്ഷ നേതാവിനെ നേരിട്ട് രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ നിന്ന് കേസ് എടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെയാണ് അദ്ദേഹം പ്രതിഷേധവുമായി ഡി.സി.പി ഓഫീസിലേക്ക് നീങ്ങിയത്.

കേസ് രജിസ്റ്റർ ചെയ്യാതെ ഒരു കാരണവശാലും മടങ്ങില്ലെന്ന കർശന നിലപാടിലാണ് രാഹുൽ ഗാന്ധി. പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും ഉദ്യോഗസ്ഥരോട് അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു. സംഭവത്തിൽ മുകളിൽ നിന്ന് താഴെ തട്ട് വരെയുള്ള ഉത്തരവാദികളായ ഏത് ഉദ്യോഗസ്ഥരാണെങ്കിലും അവർ ശിക്ഷിക്കപ്പെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like