ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്സിന് ഇനി നിമിഷങ്ങൾ മാത്രം. പുന്നമടയിൽ 72-ാം നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 22 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുഖ്യാതിഥികളായിരിക്കും.
രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്സുകളാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ വില്ലേജ് ബോട്ട് ക്ലബ് ഒന്നാം ഹീറ്റ്സിലെ ഒന്നാം ട്രാക്കിലാണ് മത്സരിക്കുന്നത്.
ആരാധകർ ഏറെയുള്ള യു.ബി.സി ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും കൈനകരിയിൽ നിന്ന് ‘യു.ബി.സി ഫാൻസ് ക്ലബ്’ എന്ന പേരിൽ പുതിയ ക്ലബും പുന്നമടയിലെത്തുന്നുണ്ട്. കഴിഞ്ഞ തവണ ഡബിൾ ഹാട്രിക്ക് നഷ്ടമായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. പുന്നമടയിലെ ആവേശത്തിൽ പങ്കുചേരാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ആരാധകർ ആലപ്പുഴയിലെത്തിത്തുടങ്ങി.
ജലോത്സവത്തോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമില്ല. സ്പീഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളുടെ സഞ്ചാരത്തിനും ഡ്രോണുകളുടെ ഉപയോഗത്തിനും കർശന നിയന്ത്രണമുണ്ട്.
ചരിത്രത്തിലാദ്യമായാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വള്ളംകളി സംഘടിപ്പിക്കുന്നത്. വേദിയിലെ ഇരിപ്പിടങ്ങൾ ഉൾപ്പെടെ തിരിച്ചറിയുന്നതിനായി പ്രത്യേക കളർ കോഡും ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ബോട്ട് ജെട്ടികളിൽ നിന്ന് ആളുകളെ എത്തിക്കുന്നതിനായി യാത്രാബോട്ടുകളും ഒരുക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജങ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം വൈ.എം.സി.എ ജങ്ഷൻ, ജനറൽ ആശുപത്രി ജങ്ഷൻ വഴി തെക്കുഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ജനറൽ ആശുപത്രി ജങ്ഷൻ, വൈ.എം.സി.എ ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജങ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം.
ആലപ്പുഴ–ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജങ്ഷനിൽ നിന്ന് പഴവീട്, കൊട്ടാരം ജങ്ഷൻ വഴി എത്തി യാത്രക്കാരെ ഇറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജങ്ഷൻ, ചങ്ങനാശ്ശേരി ജങ്ഷൻ വഴി തിരികെ പോകണം.
നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശത്ത് എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം.
ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ ബസ് സർവീസും നടത്തും.
