കോഴിക്കോട്: കൊടുവള്ളിയിൽ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശി ഉവൈസാണ് ദുബായിലേക്ക് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാൾ രാജ്യം വിട്ടത്.
സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതിനിടെയാണ് മുഖ്യപ്രതി വിദേശത്തേക്ക് കടന്നത്.
വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 12കാരനെ പിതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദിച്ചതെന്നാണ് പരാതി. കുട്ടിയുടെ നഖങ്ങളിൽ ഈർക്കിൽ കയറ്റുകയും മുറിവുകളിൽ മുളക് വെള്ളം ഒഴിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
കുട്ടിയുടെ കൈകാലുകളിലെ വിരലുകളിലും ഈർക്കിൽ കയറ്റിയിരുന്നു. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകുകയും ചെയ്തു. സംഭവദിവസം രാത്രിയിൽ പൂട്ടിയിട്ട മുറിയിൽ നിന്ന് രക്ഷപ്പെട്ട കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
കുട്ടി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് പിതാവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ സ്റ്റേഷനിലെത്തിയത് കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും മകനുമായിരുന്നു. ഇവർക്കൊപ്പമാണ് കുട്ടിയെ പൊലീസ് തിരിച്ചയച്ചതെന്നതും സംഭവത്തിൽ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ശിശുക്ഷേമ സമിതി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നാണ് വിവരം. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാനും പ്രതികൾ ശ്രമിച്ചതായി ആരോപണമുണ്ട്. കുട്ടിക്ക് സൈക്കിൾ വാങ്ങിനൽകാമെന്നും പണം നൽകാമെന്നും വാഗ്ദാനം നൽകിയതായും വിവരമുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
