Home Keralaശബരിമല ഓണസദ്യ: സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമല ഓണസദ്യ: സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോർഡ്

by news_desk1
0 comments

പത്തനംതിട്ട: ശബരിമലയിലെ ഓണസദ്യയ്ക്കായി സംഘടനകൾ നടത്തുന്ന പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി.

അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ജീവനക്കാർ പണപ്പിരിവ് നടത്തി ഇത്തവണ സദ്യ നടത്തേണ്ടതില്ലെന്നും ദേവസ്വം ബോർഡ് നേരിട്ട് സദ്യ നൽകാനും തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ ഓണസദ്യയ്ക്ക് ആചാരപരമായ ബന്ധമില്ല. മുൻവർഷങ്ങളിൽ സദ്യയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയിരുന്നതായി ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ജീവനക്കാരുടെ നേതൃത്വത്തിലും അവിട്ടം ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുമായിരുന്നു മുൻവർഷങ്ങളിൽ സദ്യ സംഘടിപ്പിച്ചിരുന്നത്.

എന്നാൽ കൃത്യമായ മുൻകൂർ നിർദേശങ്ങളോ അധിക ഫണ്ടോ നൽകാതെയാണ് സദ്യ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി മെസ് നടത്തിപ്പുകാർ രംഗത്തെത്തിയിരുന്നു. മൂന്ന് നേരത്തെ ഭക്ഷണത്തിന് അനുവദിക്കുന്ന പരിമിതമായ തുകയ്ക്കുള്ളിൽ വാഴയിലയിൽ സദ്യ നൽകുന്നത് പ്രായോഗികമല്ലെന്ന് അവർ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.

You may also like