Home National‘സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു’; ‘ടോക്സിക്’ സിനിമയ്‌ക്കെതിരെ കെ. അണ്ണാമലൈ

‘സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു’; ‘ടോക്സിക്’ സിനിമയ്‌ക്കെതിരെ കെ. അണ്ണാമലൈ

by news_desk1
0 comments

ചെന്നൈ: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായി പുറത്തിറങ്ങിയ ‘ടോക്സിക്’ സിനിമയ്‌ക്കെതിരെ മുൻ ബിജെപി നേതാവും ‘അണ്ണാമലൈ മക്കൾ ഇയക്കം’ സ്ഥാപകനുമായ കെ. അണ്ണാമലൈ. ചിത്രം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീകളെ ലൈംഗിക ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നുവെന്നുമാണ് അണ്ണാമലൈയുടെ വിമർശനം. ചിത്രത്തിന് അനുമതി നൽകിയ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെയും അദ്ദേഹം രംഗത്തെത്തി.

ഫിലിം റെഗുലേഷനിൽ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. താരനിബിഡമായ ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 100 കോടി രൂപ കളക്ഷൻ നേടിയിരുന്നു. പിന്നാലെ ചിത്രത്തിനെതിരെ സമാനമായ വിമർശനങ്ങളും ഉയർന്നു.

സ്ത്രീകളെ മോശം രീതിയിൽ ചിത്രീകരിക്കുന്ന ഇത്തരം സിനിമകൾ കുട്ടികൾ കണ്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും അണ്ണാമലൈ പ്രകടിപ്പിച്ചു. “സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ എല്ലാ നഗരങ്ങളിലും കോളേജുകളിലും പോകാറുണ്ട്. എന്നാൽ സെൻസർ ബോർഡ് ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകുന്നു. ഈ സിനിമ സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകുന്നുണ്ടോ? ഇല്ല. സിനിമകളിൽ പല കാര്യങ്ങളും സംഭവിക്കാറുണ്ട്, അവ നിങ്ങളെ സ്വാധീനിക്കുകയും ചെയ്യും,” അണ്ണാമലൈ പറഞ്ഞു.

അതേസമയം, സിനിമയിലെ സ്ത്രീകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി യഷ് രംഗത്തെത്തിയിരുന്നു. ഹൈദരാബാദിൽ നടന്ന ‘ടോക്സിക്’ പ്രീ-റിലീസ് ചടങ്ങിലായിരുന്നു സംവിധായിക ഗീതു മോഹൻദാസിനെ പിന്തുണച്ചുകൊണ്ടുള്ള യഷിന്റെ പ്രതികരണം.

സമൂഹം പലതും പറഞ്ഞേക്കാമെന്നും ചിലപ്പോൾ അംഗീകരിക്കാതിരിക്കാമെന്നും പറഞ്ഞ യഷ്, സ്വന്തം പണത്തിനല്ല, ജോലിക്കാണ് തനിക്ക് ബഹുമാനം ലഭിക്കുന്നതെന്നും വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാനും സ്വന്തം ചിന്തകളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനും സമൂഹത്തിൽ വിജയിക്കാനും ഓരോ സ്ത്രീക്കും പെൺകുട്ടിക്കും കഴിയുമെന്ന് സംവിധായിക തെളിയിക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

പെൺകുട്ടികൾ സിനിമ തിയേറ്ററുകളിൽ പോയി കാണണമെന്നും യഷ് ആഹ്വാനം ചെയ്തിരുന്നു. ട്രെയിലറിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്കുവേണ്ടി ശബ്ദമുയർത്തുന്ന ഘടകം സിനിമയിലുണ്ടെന്നും സിനിമ കണ്ട് ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് ചിത്രം തീർച്ചയായും ഇഷ്ടപ്പെടുമെന്നും യഷ് വ്യക്തമാക്കിയിരുന്നു.

കെവിഎൻ പ്രൊഡക്ഷൻസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് പീരിയഡ് ഗ്യാങ്സ്റ്റർ ഡ്രാമയായ ‘ടോക്സിക്’ നിർമിച്ചിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നാണെന്നാണ് റിപ്പോർട്ട്. യഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാര, താര സുതാരിയ, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

You may also like