ചെന്നൈ: മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ നാട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തിലെത്തിയ സംഘത്തെ സംസ്ഥാന മന്ത്രിമാരായ നാരായണ സ്വാമി ആനന്തും ഡി. ശരത് കുമാറും ചേർന്ന് സ്വീകരിച്ചു. നേപ്പാളിലെ പ്രളയത്തിൽ തങ്ങൾ സഞ്ചരിച്ചിരുന്ന മൂന്ന് ബസുകൾ കുടുങ്ങിയതിനെ തുടർന്നാണ് തീർത്ഥാടകർ ദുരിതത്തിലായത്.
നാട്ടിലേക്ക് തിരിച്ചെത്തിയതിൽ വലിയ ആശ്വാസമുണ്ടെന്നും ഇത് തങ്ങളുടെ രണ്ടാം ജന്മമാണെന്നും തീർത്ഥാടകർ പ്രതികരിച്ചു. ഒരിക്കലും നാട്ടിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും അവർ പറഞ്ഞു.
പ്രളയത്തിൽ മൂന്ന് ബസുകളും അകപ്പെട്ടതോടെ ജീവൻ രക്ഷിക്കാനായി ഡ്രൈവറുടെ സീറ്റിന് സമീപത്തുകൂടി പുറത്തിറങ്ങി മലമുകളിൽ അഭയം തേടുകയായിരുന്നു സംഘം. പിന്നീട് പൊലീസ് ഇവരെ രക്ഷപ്പെടുത്തി ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലേക്ക് എത്തിച്ചു.
സംഘത്തിലുണ്ടായിരുന്ന വിജയഭുവനേശ്വരി ദുരന്തത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെ: മൂന്ന് ബസുകളിലും മിന്നൽ പ്രളയം വന്നപ്പോൾ ബോംബ് സ്ഫോടനം പോലെയുള്ള വലിയ ശബ്ദമാണ് ഉണ്ടായതെന്ന് അവർ പറഞ്ഞു. മുന്നിലും പിന്നിലും ഉണ്ടായിരുന്ന വാഹനങ്ങൾ വഴിയടഞ്ഞതോടെ രക്ഷപ്പെടാനായി ബസിന് മുകളിൽ കയറിയെന്നും തുടർന്ന് മലമുകളിലേക്ക് കയറിയെന്നും വിജയഭുവനേശ്വരി വ്യക്തമാക്കി.
മലമുകളിൽ എത്തിയപ്പോൾ അവിടെ ആംഡ് റിസർവ് പൊലീസ് ക്യാമ്പ് കണ്ടെത്തി. പൊലീസുകാർ സഹായിക്കുകയും അഭയം നൽകുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങാനാകില്ലെന്നുറച്ച് 90 ശതമാനം വരെ എത്തിയിരുന്നുവെന്നും ആ സമയത്ത് മകളെക്കുറിച്ച് മാത്രമായിരുന്നു ചിന്തയെന്നും വിജയഭുവനേശ്വരി പറഞ്ഞു.
“ഇത് എന്റെ പുനർജന്മമാണ്. എനിക്ക് പരാതികളൊന്നുമില്ല. പ്രകൃതിയോട് മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾക്ക് എപ്പോഴും വലിയ വില നൽകേണ്ടിവരുന്നത് പാവപ്പെട്ടവരാണ്,” എന്നും അവർ പ്രതികരിച്ചു.
സംഘത്തിലെ മുതിർന്ന പൗരയായ വല്ലിനായകി രക്ഷപ്പെടലിനെ അത്ഭുതകരമായ അനുഭവമായി വിശേഷിപ്പിച്ചു. സംഭവമൊന്നാകെ കോൺക്രീറ്റ് അഗ്നിപർവത സ്ഫോടനം പോലെയായിരുന്നുവെന്നും അവർ ഓർത്തെടുത്തു.
മറ്റൊരു തീർത്ഥാടകന്റെ വാക്കുകളിൽ, പെട്ടെന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ചെളിനിറഞ്ഞ വെള്ളം കുത്തിയൊഴുകി വരുന്നത് കണ്ടപ്പോൾ ഡാം തുറന്നുവിട്ടതാണെന്നാണ് ആദ്യം കരുതിയത്. ഒരു ലോറിയും ബസും ഒഴുക്കിൽപ്പെട്ടതോടെ അടുത്തത് തങ്ങളായിരിക്കുമെന്ന ഭയമുണ്ടായി. ഡ്രൈവറുടെ സീറ്റിലൂടെ പുറത്തുകടന്ന ശേഷം ഏകദേശം പത്തടി ഉയരത്തിലേക്ക് കയറിയെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പൊലീസ് ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവിടെ നിന്ന് നേപ്പാൾ ആർമിയുടെ ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
140 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
തമിഴ്നാട്ടിൽ നിന്ന് ഏകദേശം 400 പേർ നേപ്പാളിലേക്ക് പോയിരുന്നതായി മന്ത്രി രാജ് മോഹൻ അറിയിച്ചു. ഇതിൽ 140 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 80 പേർ ഇപ്പോഴും കണ്ടെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രക്ഷപ്പെടുത്തിയവരെ കാഠ്മണ്ഡുവിലെത്തിച്ച ശേഷം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നുള്ള നാല് മന്ത്രിമാരുടെ സംഘം ദില്ലിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
