Home Internationalനാസയും ഫെഡറൽ റിസർവും യുഎസ് സെനറ്റും ലക്ഷ്യം; ചൈനീസ് സൈബർ ആക്രമണ ശൃംഖല തകർത്തതായി യുഎസ്

നാസയും ഫെഡറൽ റിസർവും യുഎസ് സെനറ്റും ലക്ഷ്യം; ചൈനീസ് സൈബർ ആക്രമണ ശൃംഖല തകർത്തതായി യുഎസ്

by news_desk1
0 comments

വാഷിങ്ടൺ: നാസ, ഫെഡറൽ റിസർവ്, ഊർജ വകുപ്പ്, യുഎസ് സെനറ്റ് എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ചൈനീസ് സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിക്കുന്ന ഓൺലൈൻ അടിസ്ഥാനസൗകര്യങ്ങൾ തകർത്തതായി യുഎസ് നീതിന്യായ വകുപ്പും എഫ്.ബി.ഐയും അറിയിച്ചു. അമേരിക്കൻ സർക്കാർ ഏജൻസികളെയും നിർണായക അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നു ഈ പ്രവർത്തനമെന്നാണ് യുഎസ് ആരോപണം.

കോടതിയുടെ അനുമതിയോടെ നടത്തിയ നടപടിയിലൂടെ രണ്ട് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമാക്കിയതായി അധികൃതർ വ്യക്തമാക്കി. ചൈനയുമായി ബന്ധമുള്ള ‘ക്യു.ടി.എഫ്.വൈ’ എന്ന സംഘമാണ് ഇവ ഉപയോഗിച്ച് സൈബർ ആക്രമണങ്ങൾ നടത്തിയതെന്നാണ് യുഎസിന്റെ ആരോപണം.

ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നാൻജിംഗ് സിൻജിയുവേ നെറ്റ്‌വർക്ക് ടെക്നോളജി കമ്പനി’ ചുമതലപ്പെടുത്തിയ ക്യു.ടി.എഫ്.വൈ, പണം നൽകുന്ന ഉപഭോക്താക്കൾക്ക് ഹാക്കിങ് സേവനങ്ങൾ നൽകിയിരുന്നതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ചൈനയുടെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, പീപ്പിൾസ് ലിബറേഷൻ ആർമി എന്നിവയുമായും ഇതിന് ബന്ധമുണ്ടെന്നാണ് യുഎസ് ആരോപണം.

‘ക്യു സ്കാൻ’, ‘ക്യു ടി റൂട്ടർ’ എന്നീ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചൈനയ്ക്ക് പുറത്തുള്ള സുരക്ഷാഭീഷണി നേരിടുന്ന ഉപകരണങ്ങളിലൂടെ ഹാക്കർമാർക്ക് ദോഷകരമായ ട്രാഫിക് തിരിച്ചുവിടാൻ കഴിഞ്ഞിരുന്നുവെന്നും ഇതുവഴി ആക്രമണങ്ങളുടെ ഉറവിടം മറ്റൊരിടമാണെന്ന് തോന്നിപ്പിക്കാൻ സാധിച്ചിരുന്നുവെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി.

ഈ സൈബർ ആക്രമണ ശ്രമങ്ങൾ ഏതൊക്കെ സംവിധാനങ്ങളിലേക്കാണ് നുഴഞ്ഞുകയറിയതെന്നോ എന്തെങ്കിലും വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നോ യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പ്രധാനപ്പെട്ട നെറ്റ്‌വർക്കുകളെ ലക്ഷ്യമിട്ടുള്ള ചൈനയുടെ സൈബർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് അധികൃതർ അറിയിച്ചു. എഫ്.ബി.ഐയും നാഷണൽ സെക്യൂരിറ്റി ഏജൻസിയും പുറത്തിറക്കിയ സൈബർ സുരക്ഷാ മുന്നറിയിപ്പ് പ്രകാരം, 2018 മുതൽ തന്നെ ക്യു.ടി.എഫ്.വൈയുടെ പ്രവർത്തനങ്ങൾ നിലവിലുണ്ടെന്നാണ് വിവരം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയുള്ള അഭ്യർഥനയോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഉടൻ പ്രതികരിച്ചിട്ടില്ല. നാൻജിംഗ് സിൻജിയുവേ നെറ്റ്‌വർക്ക് ടെക്നോളജി കമ്പനിയുമായും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

എന്നാൽ എല്ലാത്തരം ഹാക്കിങ്ങിനെയും എതിർക്കുന്നുവെന്ന് വ്യക്തമാക്കി ചൈന സൈബർ ആക്രമണങ്ങളിലെ പങ്കാളിത്തം നിഷേധിച്ചു. സ്വന്തം ആഗോള സൈബർ പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം ചൈനയെ അപകീർത്തിപ്പെടുത്താനും വിശാലമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാനുമായി സൈബർ സുരക്ഷാ ആരോപണങ്ങൾ വാഷിങ്ടൺ ഉപയോഗിക്കുകയാണെന്നും ചൈനീസ് ഉദ്യോഗസ്ഥർ ആരോപിച്ചു.

You may also like