കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എഡിഎം നടത്തിയ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് സമർപ്പിച്ചു. ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ അല്ല ആശാലതയുടെ മരണകാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കഴിഞ്ഞ അഞ്ച് വർഷമായി ജീവനക്കാരി കടുത്ത നിരാശയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി റവന്യൂ കമ്മീഷണർക്ക് കൈമാറും. കാസർകോട് കളക്ടറേറ്റിൽ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച ആശാലത ചികിത്സയിലിരിക്കെയാണ് മരിച്ചത്. 41 വയസായിരുന്നു. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായിരുന്നു.
അകാരണമായ സ്ഥലംമാറ്റത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആശാലതയുടെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. ആശാലത കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബവും ഭർത്താവ് അജയനും സഹോദരൻ വിജയകുമാറും നേരത്തെ പറഞ്ഞിരുന്നു.
റവന്യൂ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആശാലതയെ എൻഡോസൾഫാൻ സെല്ലിലേക്കാണ് മാറ്റിയത്. ഈ സ്ഥലംമാറ്റവും ഭരണമാറ്റത്തിന് ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തിയതും ഇവരെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ മരണകാരണമല്ലെന്നാണ് എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതോടെ പ്രതിപക്ഷവും കുടുംബവും നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ റിപ്പോർട്ട് തള്ളുന്നതായാണ് വിലയിരുത്തൽ.
