Home Internationalഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ; തുറന്നുകഴിഞ്ഞെന്ന് അമേരിക്ക, പ്രതിസന്ധി തുടരുന്നു

ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ; തുറന്നുകഴിഞ്ഞെന്ന് അമേരിക്ക, പ്രതിസന്ധി തുടരുന്നു

by news_desk1
0 comments

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, കടലിടുക്ക് നേരത്തെ തന്നെ തുറന്നുകഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്. ഇതോടെയാണ് തീരുമാനം നീളുന്നത്.

അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് മുമ്പുതന്നെ ഹോർമുസിലെ മൈനുകൾ നീക്കി കടലിടുക്ക് തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു. സാമ്പത്തിക ഉപരോധത്തിലൂടെ ഹോർമുസ് തുറക്കുന്നതിന് പുറമെ കൂടുതൽ വിട്ടുവീഴ്ചകൾക്ക് ഇറാനെ സമ്മർദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനഃസ്ഥാപിക്കുകയും ഉപരോധങ്ങൾ ഒഴിവാക്കുകയുമാണ് ഇറാന്റെ ആവശ്യം. ഇതിനിടെ ഖത്തറും തുർക്കിയും മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്.

സെപ്റ്റംബർ ഒന്നിന് ഇറാൻ പ്രസിഡന്റ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കാണും. ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിൽ റഷ്യയുടെ നിലപാട് കൂടിക്കാഴ്ചയിൽ വ്യക്തമാകാനിടയുണ്ട്. അന്താരാഷ്ട്ര പാത തുറന്നെന്ന അമേരിക്കൻ വാദം എണ്ണവില താഴ്ത്താനുള്ള നീക്കം മാത്രമാണെന്ന് ഇറാൻ ആരോപിച്ചു.

അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക ഐക്യത്തിനൊപ്പം നിൽക്കണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ഈജിപ്ഷ്യൻ ബാങ്കായ ബാങ്ക് മിസറിന്റെ യുഎഇ ശാഖകൾ പരിശോധിക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്കും അറിയിച്ചു.

You may also like