പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വസതിയിൽ എൺപതാം വയസിലായിരുന്നു അന്ത്യം. ആസ്വാദകർക്ക് എന്നെന്നും ഓർമിക്കാവുന്ന നിരവധി നിത്യഹരിത മാപ്പിളപ്പാട്ടുകൾ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. മൂവായിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മാത്തോട്ടം പള്ളിയിൽ നടക്കും.
യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ തുടങ്ങി പുതുതലമുറ ഗായകർ വരെ കോഴിക്കോട് അബൂബക്കറിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’ എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനം അദ്ദേഹത്തിന്റേതാണ്. ‘കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ’ എന്ന ഗാനവും അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയതാണ്.
കാസറ്റ് ആൽബം രംഗത്ത് തരംഗം സൃഷ്ടിച്ച തരംഗിണിക്കായി 40 ഗാനങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതിൽ 40 ഗാനങ്ങളും ആലപിച്ചത് യേശുദാസായിരുന്നു. ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ബോംബെ രവി എന്നിവർക്കൊപ്പം തബലിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് അബൂബക്കർ ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ 80 ശതമാനത്തോളം ഈണങ്ങൾക്കും വരികളെഴുതിയത് ബാപ്പു വെള്ളിപ്പറമ്പായിരുന്നു. സഹപാഠിയായിരുന്ന മാമൂക്കോയയുമായുള്ള പരിചയമാണ് ആദ്യകാലത്ത് അബൂബക്കറിനെ ബാബുരാജിന്റെ ട്രൂപ്പിലെ തബലക്കാരനാക്കിയത്.
രണ്ട് മാസം മുൻപ് പക്ഷാഘാതം ബാധിക്കുന്നതിന് തൊട്ടുമുൻപ് വരെ വീടിന്റെ ഉമ്മറത്തിരുന്ന് വരികൾക്ക് ഈണം പകരുക എന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് അബൂബക്കറിന്റെ വിയോഗത്തോടെ മാപ്പിളപ്പാട്ടുകളുടെ ഒരു കാലഘട്ടം തന്നെയാണ് ഓർമയാകുന്നത്.
