തെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. പിന്നാലെ ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായും സൂചനകളുണ്ട്.
അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ തെക്കൻ മേഖലകളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസലൂയേ, ജിറോഫ്ത്, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ്, കോനാരക്, ചാബഹാർ, ജാസ്ക്, സിറിക്, ലവാൻ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
സിറിക്കിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീടിന് ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി ഇറാൻ റെഡ് ക്രസന്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമൂസിൽ കപ്പൽഗതാഗതം തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകൾ ആക്രമിക്കാനും കടലിൽ മൈനുകൾ സ്ഥാപിക്കാനും ഇറാൻ ശ്രമിച്ചതായും ജോർദാനിലെ അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിനും യുഎസ് മറൈൻ സേനയുടെ താവളത്തിനും നേരെ ഇറാൻ ആക്രമണം നടത്തി. ജോർദാനിലെ രണ്ട് അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്. അമേരിക്കയ്ക്ക് മുന്നിൽ ‘മറക്കാനാകാത്ത പാഠങ്ങൾ’ കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുമുണ്ട്. ഇറാൻ-അമേരിക്ക ആക്രമണം പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമനേയി പ്രതികരിക്കുന്നത്.
വടക്കൻ ഇറാഖിലെ എർബിൽ പ്രവിശ്യയിലുള്ള യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിൽ അറ്റകുറ്റപ്പണി കേന്ദ്രവും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകളും നശിപ്പിച്ചതായും യുഎസിന്റെ നിരീക്ഷണ ബലൂൺ നിയന്ത്രണ സംവിധാനവും തകർത്തതായും ഇറാൻ അവകാശപ്പെട്ടു. അമേരിക്കൻ താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതായും നിരവധി യുഎസ് സൈനികർ കൊല്ലപ്പെട്ടതായും ഐആർജിസി അറിയിച്ചു.
തെക്കൻ തീരദേശ നഗരമായ സിറിക്കിൽ വിവാഹാഘോഷത്തിനിടെ അമേരിക്ക നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചടിയെന്നാണ് ഇറാന്റെ വിശദീകരണം.
ഇതിനിടെ ഇറാനിൽ നിന്നെത്തിയ ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി ബഹ്റൈൻ അധികൃതർ അറിയിച്ചു. ആക്രമണസാധ്യത കണക്കിലെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വളരെ ന്യായമായ ആക്രമണത്തിന് മറുപടിയായി ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചാൽ കൂടുതൽ ശക്തവും കടുത്തതുമായ ആക്രമണത്തിലൂടെ പ്രതികരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
