കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് പരാതി. പരാതിയെ തുടർന്ന് ഇയാളെ കോളേജിൽ നിന്ന് പുറത്താക്കി.
അശ്ലീല ചിത്രങ്ങൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
ശ്രീഹരിയുടെ ഫോണിൽ മോർഫിംഗ് ചിത്രങ്ങൾ കണ്ടെത്തി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ പ്രതികരിച്ചു. കോളേജിന് ഒന്നാം തീയതിയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഒരു പൂർവവിദ്യാർത്ഥി അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ മാനേജ്മെന്റ് പരാതി പരിശോധിച്ച് പൊലീസിനെ വിവരം അറിയിച്ചതായും പ്രിൻസിപ്പാൾ വ്യക്തമാക്കി.
വിദ്യാർത്ഥിക്കെതിരെ കോളേജ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും ഡോ. സൗമ്യ കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
