ചാലക്കുടി: മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടത്തോട് ചേർന്ന് വലിയ തോതിൽ മണ്ണെടുത്ത് കുഴിയെടുത്തതിനെ തുടർന്ന് ചാലക്കുടി ചായ്പൻകുഴി ഗവൺമെന്റ് യു.പി. സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തി. സ്കൂളിന് അവധിയായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെട്ടിടാവശിഷ്ടങ്ങൾ വീണ് സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിനും കേടുപാടുകൾ സംഭവിച്ചു.
റോഡ് നിർമ്മാണത്തിനായി സ്കൂൾ കെട്ടിടത്തിന്റെ അടിത്തറയോട് ചേർന്ന് വലിയ ആഴത്തിൽ കുഴിയെടുത്തതാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴേക്ക് വീഴാൻ കാരണമായത്. റോഡ് പണി ആരംഭിച്ചതുമുതൽ അപകടസാധ്യത കണക്കിലെടുത്ത് ഈ ഭാഗത്തുള്ള ക്ലാസ് മുറികളിൽ വിദ്യാർഥികളെ ഇരുത്താറില്ലായിരുന്നു.
എന്നാൽ നിലവിൽ കുട്ടികൾ പഠിക്കുന്ന മറ്റ് ക്ലാസ് മുറികൾക്ക് തൊട്ടടുത്തേക്കാണ് കെട്ടിടഭാഗം തകർന്നു വീണത്. പ്രവൃത്തിദിനത്തിലായിരുന്നു അപകടമുണ്ടായതെങ്കിൽ വൻ ദുരന്തത്തിന് ഇടയാക്കുമായിരുന്നു.
സ്കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന ബസിന്റെ ഒരു ഭാഗത്തേക്ക് കോൺക്രീറ്റ് പാളികളും മണ്ണും വീണാണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചത്.
2002-ൽ സാവിത്രി ലക്ഷ്മണന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് ഇപ്പോൾ തകർന്ന സ്കൂൾ കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിക്കാതെ അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
