കൊച്ചി: എറണാകുളം തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. തൃക്കാക്കര സി.ഐയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം ലക്ഷ്യമിട്ട് സൈബർ പൊലീസ് അംഗങ്ങളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ സാധ്യതയും അന്വേഷണസംഘം പരിശോധിക്കും.
പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത കോളേജ് വിദ്യാർഥിയും കേസിലെ പ്രതിയുമായ ശ്രീഹരി ടെലഗ്രാം വഴി നഗ്നചിത്രങ്ങൾ വിറ്റ് പണം കൈപ്പറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കും അയക്കും.
ഫോണിൽ പകർത്തിയ ചിത്രങ്ങൾ ടെലഗ്രാം ചാറ്റിലേക്ക് അയച്ചതിന്റെയും, മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാമിലൂടെ തിരികെ ലഭിച്ചതിന്റെയും തെളിവുകൾ ഫോൺ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർഥികളാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയാണ് ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരത് മാതാ കോളേജിലെ കെ.എസ്.യു മീഡിയ കമ്മിറ്റി അംഗമായിരുന്ന ശ്രീഹരിയെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി കെ.എസ്.യു അറിയിച്ചു.
അതേസമയം, പ്രതിയായ വിദ്യാർഥിയെ സെപ്റ്റംബർ ഒന്നിന് തന്നെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും, പരീക്ഷ എഴുതിക്കാൻ അനുവദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭാരത് മാതാ കോളേജ് പ്രിൻസിപ്പൽ സൗമ്യ പ്രതികരിച്ചു.
