തിരുവനന്തപുരം: അണികൾക്ക് തെറ്റ് പറ്റിയെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായി വിജയന്റെ വ്യാഖ്യാനം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ല. ജനങ്ങൾ തിരുത്തേണ്ടതല്ല, പാർട്ടി തന്നെയാണ് തിരുത്തേണ്ടതെന്നും തെറ്റുകൾ തിരുത്താൻ പാർട്ടി തയ്യാറാണെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം, സിപിഐഎം വിശാല സംസ്ഥാന സമിതിയിൽ നിന്നുള്ള വിവരങ്ങൾ പുറത്തുപോകരുതെന്ന് പാർട്ടി നിർദേശം നൽകി. വാർത്തകൾ പുറത്തായാൽ പ്രതിനിധികളുടെ ഫോണുകൾ പരിശോധിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിമർശനങ്ങളും തീരുമാനങ്ങളും സംസ്ഥാന സമിതിക്കുള്ളിൽ തന്നെ നിലനിൽക്കണമെന്നും ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കുമെന്നും നിർദേശത്തിൽ പറയുന്നു.
തളിപ്പറമ്പിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയൻ അണികളെ വിമർശിച്ചത്. ‘നിങ്ങളെ വഴിതെറ്റിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തെരഞ്ഞെടുപ്പ് പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങൾ വിശ്വാസത്തിലെടുത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. നിങ്ങൾ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്താൻ തയ്യാറാകണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
എന്നാൽ, പിണറായി വിജയന്റെ ഈ വിശദീകരണങ്ങളിൽ സിപിഐഎമ്മിനുള്ളിൽ എതിർപ്പ് ശക്തമാണെന്ന വിവരവും പുറത്തുവന്നിരുന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് വിരുദ്ധമാണെന്ന വിലയിരുത്തലാണ് ഉയർന്നത്.
തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിനെ പിണറായി വിജയൻ വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഒരു വിഭാഗം. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും വിഷയത്തിൽ അതൃപ്തിയുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ വീഴ്ചകൾ പാർട്ടി കേന്ദ്ര കമ്മിറ്റി തുറന്നുകാട്ടിയിട്ടും അത് പിണറായി വിജയൻ അംഗീകരിക്കുന്നില്ലെന്നതാണ് ഒരു വിഭാഗത്തിന്റെ പ്രധാന വിയോജിപ്പ്. അണികളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് പാർട്ടിയുടെ വിശദീകരണങ്ങളെ കൂടുതൽ വഷളാക്കുന്നുവെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
