Home Keralaമിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയപ്രേരിതം; ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മുൻ ഭരണസമിതി

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയപ്രേരിതം; ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് മുൻ ഭരണസമിതി

by news_desk1
0 comments

Slug: Milma Board Row | #Milma

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി അംഗങ്ങൾ ആരോപിച്ചു. വരാനിരിക്കുന്ന മിൽമ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്ന് ഉറപ്പായതോടെയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെ പെട്ടെന്ന് എടുത്ത തീരുമാനമാണിതെന്നും, ഭരണസമിതിയെ പിരിച്ചുവിട്ട വിവരം മാധ്യമങ്ങളിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്നും മുൻ ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.

ശബരിമല നെയ് വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണെന്നും അവർ പറഞ്ഞു. ഇടപാടിലൂടെ മിൽമയ്ക്ക് ലാഭകരമായ വ്യാപാരമാണ് നടന്നത്. ഭരണസമിതി സ്വന്തമായി എടുത്ത തീരുമാനമായിരുന്നില്ല ഇതെന്നും അവർ വ്യക്തമാക്കി.

കരാർ പ്രകാരം പത്തനംതിട്ട ഡയറിയിൽനിന്നുള്ള നെയ് പമ്പയിൽ കൃത്യമായി എത്തിച്ചിരുന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം പമ്പയിൽവച്ച് നെയ് പരിശോധിക്കുകയും ഗുണനിലവാരമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. നെയ്യിന് ഗുണനിലവാരക്കുറവുണ്ടെന്ന് ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നും മുൻ ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

ഭരണസമിതി പിരിച്ചുവിട്ട നടപടി ന്യായീകരിക്കുന്നതിനായി പരാതികൾ എഴുതി വാങ്ങുകയായിരുന്നുവെന്നും അവർ ആരോപിച്ചു. മുൻപും മിൽമ വില കുറച്ച് നെയ് നൽകിയിട്ടുണ്ടെങ്കിലും പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നതെന്നും ചൂണ്ടിക്കാട്ടി.

നൽകിയ നെയ് ഗുണനിലവാരം കുറഞ്ഞതായിരുന്നെങ്കിൽ ദേവസ്വം ബോർഡ് അതിനുള്ള പണം നൽകുമോ എന്നും മുൻ ഭരണസമിതി ചോദിച്ചു. അതിനാൽ കുറ്റപത്രത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും അവർ വ്യക്തമാക്കി.

You may also like