അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള യുവതിയെ തലയ്ക്ക് വെട്ടിയും നാല് വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും കഴുത്ത് അറുത്തുമാറ്റിയ ശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
പ്രതിയായ യുവതിയുടെ ജീവിതപങ്കാളിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതി കേരളം വിട്ടതായാണ് സൂചന.
ഞായറാഴ്ച അട്ടപ്പാടി ഭവാനിപ്പുഴയിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങൾ മറ്റ് രണ്ട് ചാക്കുകളിലുമാക്കി പുഴയിൽ എറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുതൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തു.
മൃതേദേഹങ്ങൾ കണ്ടെത്തിയ ചാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അവ അട്ടപ്പാടിയിലെ ഒരു കടയിൽനിന്ന് വാങ്ങിയതാണെന്ന് കണ്ടെത്തിയത്. കോയമ്പത്തൂരിൽനിന്നാണ് ചാക്കുകളിൽ സാധനങ്ങൾ എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. കടയുടമയെ ചോദ്യം ചെയ്തതിൽനിന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിയാണ് ചാക്കുകൾ വാങ്ങിയതെന്നും തിരിച്ചറിഞ്ഞു.
20 ദിവസം മുമ്പാണ് കുടുംബം അട്ടപ്പാടിയിലെത്തിയത്. ഭാര്യയോടുള്ള സംശയമാണ് അരുംകൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
