ഇടുക്കി: കുമളിയിൽ പ്ലസ്ടു വിദ്യാർഥിനിയായ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ. കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പോലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. ഓഗസ്റ്റ് 9നാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടർന്ന് അമ്മയുടെ മറ്റൊരു സുഹൃത്തായ അഭിരാജനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നതായി പുറത്തുവന്നു. ഇക്കാര്യം ചോദ്യം ചെയ്ത പെൺകുട്ടിയുടെ അമ്മയെയും ഗോഡ്സൺ മർദിച്ചിരുന്നു. പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി.
ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന പെൺകുട്ടിയുടെ അമ്മ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവും പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പോലീസിന്റെ നിഗമനം.
ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.
കുമളി എസ്.ഐ. എം.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കൊച്ചിയിൽനിന്ന് ഇയാളെ പിടികൂടി. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കിയ ഗോഡ്സണെ റിമാൻഡ് ചെയ്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
