Home Keralaഎഡിജിപിയുടെ ചോദ്യത്തിന് മറുപടിയില്ല; കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ

എഡിജിപിയുടെ ചോദ്യത്തിന് മറുപടിയില്ല; കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ

by news_desk1
0 comments

കൊല്ലം: എഡിജിപി ചോദിച്ചു, പക്ഷേ സ്റ്റേഷനിലെ പൊലീസുകാർക്ക് മറുപടിയുണ്ടായില്ല; പിന്നാലെ മെമ്മോ. ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് മെമ്മോ നൽകിയത്. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്പിയാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് അപ്രതീക്ഷിതമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. എഡിജിപി എത്തിയ സമയത്ത് സ്റ്റേഷൻ പരിസരം മലിനമായ നിലയിലായിരുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതുസംബന്ധിച്ചും അദ്ദേഹം പൊലീസുകാരോട് ചോദ്യം ചെയ്തു.

തുടർന്ന് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങളും എഡിജിപി ഉന്നയിച്ചു. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർക്ക് മറുപടി നൽകാനായില്ല. ഇതിൽ എഡിജിപി പി. വിജയൻ അതൃപ്തി പ്രകടിപ്പിച്ചു.

പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ‘മൈ പൊലീസ് സ്റ്റേഷൻ’. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്റ്റേഷനിലെ പൊലീസുകാർ മറുപടി നൽകാതിരുന്നതിന് പിന്നാലെയാണ് അഡീഷണൽ എസ്പി മെമ്മോ നൽകിയത്.

എഡിജിപിയുടെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ തന്നെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായത് ശ്രദ്ധേയമായി.

You may also like