ബാഗ്ദാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണവിതരണ സംവിധാനമായ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇറാഖ്. ആക്രമണം ഇറാഖിൽനിന്നാണ് നടന്നതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ തെക്കൻ ഇറാഖിലെ മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെ സേനയിൽനിന്ന് പുറത്താക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയ ഇറാഖ്, ഇറാനിലേക്കുള്ള പ്രധാന അതിർത്തികളും അടച്ചു.
മെയ്സാൻ പ്രവിശ്യയിലെ സൈനിക കമാൻഡറെ പുറത്താക്കിയ വിവരം ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ ഓഫീസ് അറിയിച്ചു. സൗദിയുടെ എണ്ണ പൈപ്പ്ലൈനു നേരെയുണ്ടായ ആക്രമണം ഇറാഖിന്റെ മണ്ണിൽനിന്നാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിച്ചത്.
ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി ഇറാഖ് ഭരണകൂടം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാൻ അനുകൂല സായുധസംഘങ്ങൾക്കുമേലുള്ള നിരീക്ഷണവും ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇറാഖിൽനിന്ന് ഇറാനിലേക്കുള്ള പ്രധാന അതിർത്തികൾ അടച്ചു. ബസ്രയിൽനിന്ന് ഇറാനിലേക്കുള്ള വിമാനസർവീസുകളും താത്കാലികമായി നിർത്തിവെച്ചു.
സൗദിയുടെ പ്രധാന എണ്ണവിതരണ സംവിധാനമായ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈനിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പൈപ്പ്ലൈനിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതോടെ റിയാദ്, മദീന എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനിന്റെ പ്രവർത്തനം സൗദി അറേബ്യ താത്കാലികമായി നിർത്തിവെച്ചു.
ഇറാഖിൽനിന്നാണ് പൈപ്പ്ലൈനു നേരെ ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് തത്കാലം തിരിച്ചടിക്കില്ലെന്നും സൗദി വ്യക്തമാക്കി. ഇറാഖിന്റെ മണ്ണിൽനിന്നുള്ള ഇത്തരം ആക്രമണങ്ങൾ തടയാനും സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കാനും ഇറാഖിന് സമയം നൽകേണ്ടതുണ്ടെന്നാണ് സൗദിയുടെ നിലപാട്.
ആക്രമണത്തിന് പിന്നാലെ ഇറാഖ് സ്വീകരിച്ച കടുത്ത നടപടികളും ഇറാൻ അതിർത്തികളിലെ നിയന്ത്രണങ്ങളും മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമോയെന്ന ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
