Home Keralaആറുവരി ദേശീയപാതയിൽ ബസ് സർവീസിന് ഇനി നിയന്ത്രണം; സർവീസ് റോഡ് വിട്ടാൽ ലൈസൻസ് റദ്ദാക്കും

ആറുവരി ദേശീയപാതയിൽ ബസ് സർവീസിന് ഇനി നിയന്ത്രണം; സർവീസ് റോഡ് വിട്ടാൽ ലൈസൻസ് റദ്ദാക്കും

by news_desk1
0 comments

തിരുവനന്തപുരം: ആറുവരി ദേശീയപാതയിൽ യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡ് ഉപയോഗിക്കണമെന്നും നിർദേശം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിലെ ചില ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകൾ മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ആറുവരിപ്പാതയിലൂടെ സഞ്ചരിച്ച് യാത്രക്കാരെ ഹൈവേയിൽ തന്നെ ഇറക്കിവിടുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എംവിഡി വ്യക്തമാക്കി.

ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ബസുകൾ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഹൈവേയിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനോ യാത്രക്കാരെ ഇറക്കുന്നതിനോ അനുമതിയില്ല. ദേശീയപാതയിലും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല.

ഇതുമൂലം ഹൈവേയിൽ ഇറക്കപ്പെടുന്ന സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രധാന പാതയിൽ നിന്ന് പുറത്തുകടക്കാൻ കിലോമീറ്ററുകളോളം നടക്കേണ്ട സാഹചര്യമാണുള്ളത്. ഇതുസംബന്ധിച്ച് വ്യാപകമായി പരാതികൾ ലഭിച്ചതോടെയാണ് എംവിഡി കർശന നടപടിയിലേക്ക് കടന്നത്.

ആറുവരി ദേശീയപാതയിൽ ഒരു കാരണവശാലും വാഹനങ്ങൾ നിർത്താൻ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. അതിനാൽ എല്ലാ സ്റ്റേജ് കാര്യേജ് ബസുകളും നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ സർവീസ് നടത്താവൂ. നിർദേശം ലംഘിച്ച് സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുകയും യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You may also like