Home Keralaതൃക്കാക്കര മോർഫിങ് കേസ്: ടെലഗ്രാം വിവരങ്ങൾ നിർണായകം; കൂടുതൽ പേരെ തിരിച്ചറിഞ്ഞ് കൊച്ചി പൊലീസ്, അറസ്റ്റിന് തെളിവുകൾ തേടുന്നു

തൃക്കാക്കര മോർഫിങ് കേസ്: ടെലഗ്രാം വിവരങ്ങൾ നിർണായകം; കൂടുതൽ പേരെ തിരിച്ചറിഞ്ഞ് കൊച്ചി പൊലീസ്, അറസ്റ്റിന് തെളിവുകൾ തേടുന്നു

by news_desk1
0 comments

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ പ്രതികളുമായി ബന്ധമുള്ളവരെ തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ്. വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ടെലഗ്രാമിൽ നിന്ന് ലഭിക്കാനുള്ള കൂടുതൽ വിവരങ്ങളാണ് കേസിലെ അടുത്ത നടപടികൾക്ക് നിർണായകമാകുക.

ടെലഗ്രാമിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രീമിയം ഗ്രൂപ്പിൽ 12 അംഗങ്ങളുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ ഗ്രൂപ്പിലെ സന്ദേശങ്ങളുടെ ഉള്ളടക്കമടക്കമുള്ള വിശദ വിവരങ്ങൾ ടെലഗ്രാമിൽ നിന്ന് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഈ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ കൂടുതൽ അറസ്റ്റിലേക്ക് നീങ്ങാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അനീഷ്, ശ്രീഹരി എന്നിവരുമായി ബന്ധമുള്ള നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെ അറസ്റ്റ് ചെയ്യാനുള്ള മതിയായ തെളിവുകൾ ലഭിക്കാത്തതാണ് നടപടി വൈകാൻ കാരണം. ടെലഗ്രാമിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ അന്വേഷണത്തിന് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.

കേസിൽ റിമാൻഡിലുള്ള പ്രതി സനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റിലായ ശ്രീഹരിയും അനീഷും പ്രായപൂർത്തിയാകാത്തവരുടെ നഗ്നദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമുള്ള നടപടികൾക്കും തുടക്കമിട്ടു.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അനീഷിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.

വിദേശ നമ്പറുകൾ ഉപയോഗിച്ചാണ് പലരും ടെലഗ്രാം അക്കൗണ്ടുകൾ സൃഷ്ടിച്ചതെന്നും പൊലീസ് കണ്ടെത്തി. ശ്രീഹരിയുടെയും അനീഷിന്റെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും നടത്തിയ ഫൊറൻസിക് പരിശോധനയിൽ ലഭിച്ച വിവരങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.

തൃക്കാക്കര എ.സി.പി. ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

You may also like