Home Kerala‘16 വർഷം നാടിന് കാവൽ; സോണിയക്ക് പുഷ്പചക്രം അർപ്പിച്ച് കണ്ണീരോടെ യാത്രയാക്കി നാട്ടുകാർ

‘16 വർഷം നാടിന് കാവൽ; സോണിയക്ക് പുഷ്പചക്രം അർപ്പിച്ച് കണ്ണീരോടെ യാത്രയാക്കി നാട്ടുകാർ

by news_desk
0 comments

കണ്ണൂർ: ഒന്നര പതിറ്റാണ്ടിലേറെയായി ഒരു ഗ്രാമത്തിനാകെ കാവലായി നിന്ന സ്നേഹഭാജനത്തിന് വിങ്ങിപ്പൊട്ടുന്ന മനസ്സോടെ വിട നൽകി ഒരു നാടൊന്നാകെ. മട്ടന്നൂർ വെളിയമ്പ്രയിലെ പറയനാട്ടുകാരുടെ പ്രിയപ്പെട്ട ‘സോണി’ എന്ന വളർത്തുനായയാണ് പ്രായാധിക്യം മൂലം മരണത്തിന് കീഴടങ്ങിയത്. ഒടുവിൽ, പ്രിയപ്പെട്ടവൾക്ക് പുഷ്പചക്രങ്ങൾ അർപ്പിച്ച് പൂർണ്ണ സംസ്കാരച്ചടങ്ങുകളോടെയാണ് ഗ്രാമവാസികൾ യാത്രയയപ്പ് നൽകിയത്.

ചെറിയ കുഞ്ഞായിരിക്കുമ്പോഴാണ് ‘സോണിയ’ എന്ന് വിളിക്കുന്ന ഈ നായ പറയനാട്ടിലേക്ക് എത്തുന്നത്. പിന്നീട് നാട്ടുകാർക്ക് അവൾ വെറുമൊരു തെരുവുനായ ആയിരുന്നില്ല, മറിച്ച് ഓരോ വീട്ടിലെയും അംഗമായിരുന്നു. പകൽ സമയങ്ങളിൽ കടവരാന്തകളിലും വീടുകളിലും സന്ദർശനം നടത്തുന്ന സോണിക്ക് സ്നേഹത്തോടെ നാട്ടുകാർ ഭക്ഷണം നൽകിപ്പോന്നു. രാത്രിയാകുന്നതോടെ കടവരാന്തകൾ കേന്ദ്രീകരിച്ച് ഗ്രാമത്തിനാകെ കാവലാളായി അവൾ നിലയുറപ്പിക്കുകയായിരുന്നു.

മുമ്പ് പലതവണ ആപത്തുകൾ വന്നപ്പോഴും നാടൊന്നാകെ സോണിയക്ക് തുണയായി നിന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് പന്നിക്കെണിയിൽ കുടുങ്ങി കടുത്ത പരിക്കേറ്റപ്പോൾ പരിചരിച്ച് മരണമുഖത്ത് നിന്ന് തിരികെ കൊണ്ടുവന്നത് ഈ നാട്ടുകാരായിരുന്നു. രണ്ടു വർഷം മുമ്പ് വയറ്റിൽ മുഴ വന്നപ്പോഴും ഗ്രാമവാസികൾ ഒന്നടങ്കം പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി അവളെയൊരു പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. ഒടുവിൽ, ഒരു നാടിന്റെ മുഴുവൻ സ്നേഹവും കരുതലും ഏറ്റുവാങ്ങിയാണ് സോണിയ വിടപറഞ്ഞത്.

You may also like