മുംബൈ: മഹാരാഷ്ട്രയിലെ വാഷിമിൽ ഗണേശ വിഗ്രഹത്തിന് സമീപം അശ്ലീല വീഡിയോകൾ അടങ്ങിയ ടെലിഗ്രാം ഗ്രൂപ്പിലേക്ക് നയിക്കുന്ന ക്യൂആർ കോഡ് സ്ഥാപിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്മയ് മുധാൽ, യുഗന്ധർ അഫുനെ, സുബോധ് എന്നിവരാണ് പിടിയിലായത്. 19നും 20നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ.
സെപ്റ്റംബർ 18ന് ജയ് ഭവാനി ഗണേശോത്സവ് മണ്ഡലിന്റെ പന്തലിൽ വിഗ്രഹത്തിന്റെ പാദത്തിന് സമീപമാണ് ക്യൂആർ കോഡ് കണ്ടെത്തിയത്. സ്കാൻ ചെയ്തപ്പോൾ അശ്ലീല വീഡിയോകളുള്ള ടെലിഗ്രാം ഗ്രൂപ്പിലേക്ക് ലിങ്ക് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മണ്ഡൽ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സെപ്റ്റംബർ 17ന് രാത്രി മൂന്ന് യുവാക്കൾ രണ്ട് ബൈക്കുകളിലെത്തി കോഡ് സ്ഥാപിച്ചതായി കണ്ടെത്തി.
ഓരോ സ്കാനിനും 10 മുതൽ 15 രൂപ വരെ ലഭിക്കുന്നതിനായാണ് ക്യൂആർ കോഡുകൾ സ്ഥാപിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിലും കോളജിന് സമീപവും സമാന കോഡുകൾ സ്ഥാപിച്ചതായും കണ്ടെത്തി. സംഭവത്തിൽ പണമിടപാട് ശൃംഖലയടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.
