Home Keralaബ്രസീലിലെ ചൂരയിൽ വിരകൾ കണ്ടെത്തിയ വാർത്ത; ഇന്ത്യൻ തീരത്തെ ചൂരയ്ക്ക് ആശങ്ക വേണ്ടെന്ന് സി.എം.എഫ്.ആർ.ഐ

ബ്രസീലിലെ ചൂരയിൽ വിരകൾ കണ്ടെത്തിയ വാർത്ത; ഇന്ത്യൻ തീരത്തെ ചൂരയ്ക്ക് ആശങ്ക വേണ്ടെന്ന് സി.എം.എഫ്.ആർ.ഐ

by news_desk1
0 comments

കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകളെ കണ്ടെത്തിയെന്ന വാർത്തകൾക്കിടെ ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂരയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഇന്ത്യയിൽ പിടിക്കപ്പെടുന്ന ചൂരയിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള വിരകളുടെ ഭീഷണിയില്ലെന്നും ശരിയായ രീതിയിൽ വൃത്തിയാക്കി പാകം ചെയ്ത് കഴിച്ചാൽ സുരക്ഷിതമാണെന്നും സി.എം.എഫ്.ആർ.ഐ വ്യക്തമാക്കി.

മത്സ്യജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂര ഉൾപ്പെടെയുള്ള മത്സ്യങ്ങളെ ശാസ്ത്രജ്ഞർ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ഇതുവരെ മനുഷ്യർക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂരയിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ പ്രദേശത്തെയും മത്സ്യങ്ങളിൽ പരാദജീവികളുടെ സാന്നിധ്യം അവിടുത്തെ കടൽ പരിസ്ഥിതി, മറ്റ് ജീവികളുടെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വ്യത്യാസപ്പെടുന്നത്. ഇന്ത്യൻ സമുദ്രമേഖലയിൽ ഇത്തരം സാഹചര്യങ്ങളില്ലെന്നാണ് സി.എം.എഫ്.ആർ.ഐയുടെ വിശദീകരണം.

ചൂര കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകി ശുചിയാക്കുകയും കുടൽ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ നീക്കം ചെയ്ത് നന്നായി വേവിക്കുകയും വേണം. ഇത്തരത്തിൽ ശരിയായ രീതിയിൽ വൃത്തിയാക്കി പാകം ചെയ്ത് ഉപയോഗിച്ചാൽ മത്സ്യത്തിന്റെ പോഷകഗുണങ്ങൾ സുരക്ഷിതമായി പ്രയോജനപ്പെടുത്താമെന്നും സി.എം.എഫ്.ആർ.ഐ വ്യക്തമാക്കി.

ബ്രസീലിൽ റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ പേരിൽ ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂരയെക്കുറിച്ച് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥാപനം അറിയിച്ചു.

You may also like