കോഴിക്കോട്: പി.എച്ച്.ഡി.യും ഗവേഷണ പരിചയവുമുള്ളവർക്ക് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അവസരം. അസിസ്റ്റന്റ് പ്രൊഫസർ (ഫെല്ലോ) തസ്തികയിലേക്ക് സ്ഥിരനിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
ഗണിതശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ പി.എച്ച്.ഡി.യാണ് പ്രധാന യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഗവേഷണ പരിചയവും മികച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം 35 വയസിൽ കൂടരുത്. മികച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ജ്യാമിതി, ടോപ്പോളജി, ഡിഫറൻഷ്യൽ ജ്യാമിതി, ലോ-ഡൈമെൻഷണൽ ടോപ്പോളജി, സിംപ്ലെക്ടിക് ജ്യാമിതി, പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷൻസ് (പി.ഡി.ഇ.), ഹാർമോണിക് അനാലിസിസ്, ഓപ്പറേറ്റർ തിയറി, ഓപ്പറേറ്റർ ആൾജിബ്രാസ്, ഫങ്ഷണൽ അനാലിസിസ്, സ്പെക്ട്രൽ തിയറി, നോൺകമ്മ്യൂട്ടേറ്റീവ് അനാലിസിസ് തുടങ്ങിയ ഗവേഷണ മേഖലകളിലുള്ളവർക്ക് മുൻഗണന ലഭിക്കും.
അതേസമയം, ഗണിതശാസ്ത്രത്തിലെ മറ്റ് ഗവേഷണ മേഖലകളിൽ മികവ് തെളിയിച്ച ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.
ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ പ്രകാരമുള്ള ലെവൽ 12 ശമ്പള സ്കെയിലാണ് നിയമനം ലഭിക്കുന്നവർക്ക് ലഭിക്കുക. ഇതിന് പുറമെ സ്ഥാപനത്തിന്റെ ഗവേഷണ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15.കൂടുതൽ വിവരങ്ങൾക്ക് KSoMയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം
