Home Top Stories‘ചില വ്യക്തികൾ ചെയ്യുന്ന തെറ്റുകൾ പാർട്ടിയെ ആകെ ബാധിക്കുന്നു, പണപ്പിരിവിന് മാത്രം ചെല്ലുന്നവരായി മാറി’; സി.പി.ഐ.എമ്മിനെതിരെ തുറന്നടിച്ച് ഇ.പി. ജയരാജൻ

‘ചില വ്യക്തികൾ ചെയ്യുന്ന തെറ്റുകൾ പാർട്ടിയെ ആകെ ബാധിക്കുന്നു, പണപ്പിരിവിന് മാത്രം ചെല്ലുന്നവരായി മാറി’; സി.പി.ഐ.എമ്മിനെതിരെ തുറന്നടിച്ച് ഇ.പി. ജയരാജൻ

by news_desk
0 comments

കണ്ണൂർ: പാർട്ടിയിലെ ചില വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ പ്രവണതകൾ പ്രസ്ഥാനത്തെ മുഴുവനായി ബാധിക്കുകയാണെന്ന സ്വയംവിമർശനവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. കണ്ണൂരിൽ നടന്ന വിപുലീകരിച്ച ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കവേയാണ് പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾക്കെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ തുറന്നടിച്ചത്. പാർട്ടി ജനങ്ങളിൽ നിന്ന് വളരെ അകന്നുപോയെന്നും പണപ്പിരിവിന് വേണ്ടി മാത്രം ജനങ്ങളെ സമീപിക്കുന്നവരായി സി.പി.ഐ.എം മാറിയെന്ന ആക്ഷേപം ഗൗരവമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി പ്രവർത്തനം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന രീതിയിലേക്ക് തിരികെ വരണമെന്ന് ഇ.പി. ജയരാജൻ ഓർമിപ്പിച്ചു. ഓരോ തെരുവും വീടും നാടും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് തിരിച്ചെത്തുമ്പോൾ മാത്രമേ പ്രസ്ഥാനത്തിന് തിളക്കമുണ്ടാകൂ. ജനങ്ങൾ പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന അന്തരീക്ഷം വീണ്ടെടുക്കണമെന്നും എങ്കിൽ മാത്രമേ പാർട്ടിയുടെ മുഖം വികൃതമാകാതിരിക്കുകയും അത് ജനസേവനത്തിനുള്ളതായി മാറുകയും ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.ഐ.എമ്മിന് ബി.ജെ.പിയുമായി അന്തർധാരയുണ്ടെന്ന ആരോപണങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം സമ്മതിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർ.എസ്.എസിനെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച് പോരാടുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം എന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നും ജയരാജൻ തുറന്നുപറഞ്ഞു. ഒക്ടോബർ 18, 19 തീയതികളിലാണ് കണ്ണൂരിൽ സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി നടക്കുന്നത്.

You may also like