കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിക്കാതെ പൊലീസ്. ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ സമീപിക്കുന്നത് തടഞ്ഞതായാണ് വിവരം. മൈക്കുമായി പോകരുതെന്നും മാറിനിൽക്കണമെന്നും എറണാകുളം എസിപി പീറ്റർ കെ.ജെ. മാധ്യമപ്രവർത്തകരോട് നിർദേശിച്ചതായും പറയുന്നു.
മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സുരക്ഷയുണ്ടെന്നും അതിനാൽ മാറിനിൽക്കണമെന്നും പൊലീസ് മാധ്യമപ്രവർത്തകരോട് നിർദേശിച്ചു. ഇത്തരമൊരു നിർദേശം പൊലീസിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് എസിപി പീറ്റർ കെ.ജെ. പ്രതികരിച്ചില്ല. ഗോകുലം പാർക്കിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയതെന്ന് പറയുന്നു.
മുഖ്യമന്ത്രിക്ക് ചോദ്യങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും പൊലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞതായി വിവരം. തുടർന്ന് പൊലീസ് സുരക്ഷാവലയത്തിലാണ് മുഖ്യമന്ത്രി ഗോകുലം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാനും മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇടുക്കിയിൽ മാധ്യമങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണവും ചർച്ചയാകുകയാണ്. ഇടുക്കി കളക്ടറേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം. “ഞാൻ നിങ്ങളെ കാണുന്നില്ല” എന്ന് മുഖ്യമന്ത്രി ആവർത്തിച്ചുവെന്നും മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കില്ലേയെന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. “ഞാൻ കാണുന്നില്ല. മാറിനിൽക്കൂ. ഇവരിൽനിന്ന് പരാതി വാങ്ങിക്കട്ടെ. എന്തോരം പബ്ലിക്ക് ആണ് ഇവിടെ നിൽക്കുന്നത്” എന്നായിരുന്നു പ്രതികരണമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ പൊലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
വിവിധ വിഷയങ്ങളിലാണ് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്. വിവാദമായ വിമാനയാത്രയുടെ സ്പോൺസർ ആരാണ്, സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയിൽ നിന്ന് സംഭാവന സ്വീകരിച്ചവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തുടങ്ങിയ ചോദ്യങ്ങളും ഉയർന്നിരുന്നു.
