Home Keralaഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ്ങിന് നിയന്ത്രണം; മാധ്യമങ്ങൾക്കും ബാധകം

ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ്ങിന് നിയന്ത്രണം; മാധ്യമങ്ങൾക്കും ബാധകം

by news_desk1
0 comments

കൊച്ചി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും നിയന്ത്രണം. രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ മാർഗനിർദേശമാണ് കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും ബാധകമാക്കിയത്.

അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലാർക്കുമാർ, രജിസ്ട്രി-സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, കരാറുകാർ, സന്ദർശകർ തുടങ്ങി കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവരും നിയന്ത്രണത്തിന്റെ പരിധിയിൽ വരും.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഫോട്ടോയോ വീഡിയോയോ പകർത്താൻ രജിസ്ട്രി ചുമതലപ്പെടുത്തുന്ന വ്യക്തികൾക്കും ഏജൻസികൾക്കും മാത്രമാണ് അനുമതി. ഇത്തരത്തിൽ പകർത്തുന്ന ദൃശ്യങ്ങൾ രജിസ്ട്രാർ ജനറലിന്റെ അനുമതിയില്ലാതെ പുറത്തുവിടുകയോ സോഷ്യൽ മീഡിയ, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാൻ പാടില്ല.

ഔദ്യോഗിക ചടങ്ങുകളും മറ്റ് പരിപാടികളും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതേസമയം, കോടതി നടപടികൾ ചിത്രീകരിക്കുകയോ വീഡിയോയിൽ പകർത്തുകയോ ലൈവ് സ്ട്രീമിങ് നടത്തുകയോ ചെയ്യണമെങ്കിൽ ചീഫ് ജസ്റ്റിസിന്റെ അനുമതി നിർബന്ധമാണെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

You may also like